ചായയ്‌ക്കൊപ്പം കറുമുറെ കഴിക്കാന്‍ മിക്‌സ്ചര്‍ കൂടെയുണ്ടെങ്കില്‍ പിന്നൊന്നും വേണ്ട. അല്‍പമൊന്നു ശ്രമിച്ചാല്‍ വീട്ടില്‍ തന്നെ മിക്‌സ്ചര്‍ തയ്യാറാക്കാം. സാധാരണ ചേരുവകളില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഫ്‌ളേക്‌സ് കൊണ്ട് മിക്‌സ്ചര്‍ പരീക്ഷിച്ചാലോ?

ചേരുവകള്‍

കോണ്‍ഫ്‌ളേക്‌സ്-  250 ഗ്രാം 
കപ്പലണ്ടി-  ഒരു കൈപ്പിടി
വെളുത്തുള്ളി-  2 എണ്ണം ചതച്ചത് 
കറിവേപ്പില-  ആവശ്യത്തിന് 
എണ്ണ-  1 ടേബിള്‍ സ്പൂണ്‍ 
ഉപ്പ്-  1/4 ടീസ്പൂണ്‍ 
പഞ്ചസാര (പൊടിച്ചത് )-  1/2 ടീസ്പൂണ്‍ 
കായം പൊടി-  ഒരു നുള്ള് 
മുളക്‌പൊടി-  1/2 ടീസ്പൂണ്‍ 
മഞ്ഞള്‍ പൊടി-  1/4 ടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം

 പാന്‍ അടുപ്പത്തു വെച്ചു ചൂടാകുമ്പോള്‍ എണ്ണ ( വെളിച്ചെണ്ണ അല്ലാതെ വേറെ ഏതെങ്കിലും) ഒഴിച്ച് ചൂടാക്കുക.  എണ്ണ ചൂടായാല്‍ മീഡിയം ചൂട് ക്രമീകരിക്കുക.  ഇതിലേക്ക് വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിക്കുക. മൂത്ത് കഴിഞ്ഞാല്‍ ഏറ്റവും ചെറിയ തീയില്‍ വെച്ചു മുളക് പൊടി, മഞ്ഞള്‍ പൊടി, എന്നിവ ചേര്‍ത്ത് 30 സെക്കന്റ് ഇളക്കുക.  ശേഷം കോണ്‍ഫ്‌ളേക്‌സ്, കപ്പലണ്ടി എന്നിവ ചേര്‍ത് മുപ്പതു സെക്കന്‍ഡ് നല്ല പോലെ ഇളക്കി എടുക്കുക. ഇനി തീ അണച്ചശേഷം ഉപ്പ്, കായം പൊടി, പൊടിച്ച പഞ്ചസാര ഇവ ചേര്‍ത്ത് നല്ല പോലെ ഇളക്കി എടുക്കുക. ചൂടാറിക്കഴിഞ്ഞാല്‍ വെള്ളമയം ഇല്ലാത്ത, വായുകടക്കാത്തകുപ്പിയില്‍ ഇട്ട് സൂക്ഷിക്കാം. കേടാകാതെ കുറെ നാള്‍ ഇരിക്കും. 

വായനക്കാര്‍ക്കും റെസിപ്പികള്‍ പങ്കുവെക്കാം

Content Highlights: cornflakes mixture recipe