ചിക്കന്‍ ബിരിയാണി പോലെ തന്നെ എല്ലാവരുടെയും ഇഷ്ട വിഭവമാണ് കപ്പ ബിരിയാണി. ചിക്കനും കപ്പയും ചേര്‍ത്തൊരു ബിരിയാണി ഉണ്ടാക്കി നോക്കിയാലോ? ചിക്കന്‍ - കപ്പ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ചേരുവകള്‍:

കപ്പ - 500 ഗ്രാം
ചിക്കന്‍ - 500 ഗ്രാം
സവാള അരിഞ്ഞത് - ഒന്ന്
തക്കാളി - ഒന്ന്
പച്ചമുളക് - 2 എണ്ണം
വെളുത്തുള്ളി - 12 അല്ലി
ഇഞ്ചി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - 2 ടേബിള്‍സ്പൂണ്‍
ചിക്കന്‍ മസാല - 1 ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
ഗരംമസാല - അര ടീസ്പൂണ്‍
നാരങ്ങാനീര് - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - 3 തണ്ട് 
മല്ലിയില - ആവശ്യത്തിന്
സവാള - 1 ചെറുതായി അരിഞ്ഞത്

തയ്യാറാക്കുന്ന വിധം:

ചിക്കനില്‍ മസാല പിടിച്ചുകിട്ടാന്‍ വേണ്ടി, ആവശ്യത്തിന് ഉപ്പ്, പകുതി മഞ്ഞള്‍പ്പൊടി, പകുതി മുളകുപൊടി, പകുതി മല്ലിപ്പൊടി, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് പത്തു മിനിറ്റ് മാറ്റിവയ്ക്കുക. ഒരു പാത്രത്തില്‍ വെള്ളം വെച്ച് തിളച്ചുവരുമ്പോള്‍ കപ്പയും കുറച്ചു ഉപ്പും ചേര്‍ത്ത് വേവിക്കുക. ചിക്കന്‍ പാകം ചെയ്യാന്‍ ഒരു കുക്കര്‍ എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടായി വരുമ്പോള്‍ സവാള വഴറ്റുക. അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചിക്കന്‍ മസാല, തക്കാളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. കുക്കറിലേക്ക് ചിക്കന്‍ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. ചിക്കന്‍ വെന്തുകഴിഞ്ഞാല്‍ കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേര്‍ക്കുക. വേവിച്ചുവെച്ച കപ്പയിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. അവസാനമായി, കുറച്ചു കറിവേപ്പില, മല്ലിച്ചപ്പ്, പച്ച വെളിച്ചെണ്ണ, സവാള എന്നിവ ചേര്‍ത്തിളക്കി വാങ്ങിവെയ്ക്കുക. ചൂടോടെ ചിക്കന്‍-കപ്പ ബിരിയാണി സെര്‍വ് ചെയ്യാം.

content highlight: chicken - tapioca biriyani recipe