ചക്കകാലം ടാറ്റാ പറഞ്ഞ് പോയെങ്കിലും അടുക്കളയില്‍ ചക്കക്കുരു ഇല്ലാതെയിരിക്കില്ല. എങ്കില്‍ അടിപൊളി വിഭവം തന്നെ തയ്യാറാക്കാം ചക്കക്കുരു തല്ലത്തോരന്‍. വേവിച്ച ചക്കക്കുരു അമ്മിയില്‍ ഇട്ട് പൊടിച്ചെടുക്കുന്നത് കൊണ്ടാണ് ഈ പേര്. അമ്മിയില്ലെന്ന വിഷമം വേണ്ട മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ പൊടിച്ചെടുക്കാം. വെളുത്തുള്ളിയുടെ നല്ല മണം ഈ വിഭവത്തിന്റെ പ്രത്യേകതയാണ്.
 
ചേരുവകള്‍
 
  1. ചക്കക്കുരു       20 എണ്ണം
  2. തേങ്ങ           അര കപ്പ്
  3. ജീരകം           ഒരു ടീസ്പൂണ്‍
  4. വെളുത്തുള്ളി     8
  5. മുളകുപൊടി     ഒന്നര ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി   അല്പം
  7. കടുക്, ഉഴുന്ന്, രണ്ട് വറ്റല്‍മുളക്, കറിവേപ്പില, വെളിച്ചെണ്ണ - താളിക്കാന്‍ ആവശ്യമായത്
  8. ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
 
ചക്കക്കുരു ചുരണ്ടി ഉപ്പ് ചേര്‍ത്ത് ആവശ്യത്തിന് മാത്രം വെള്ളം ചേര്‍ത്ത്  മുഴുവനോടെ കുക്കറില്‍ തുടരേതുടരേ രണ്ട് വിസില്‍ അടിക്കുന്നത് വരെ വേവിയ്ക്കാം, വലിയ തീയില്‍ തന്നെ വേവിയ്ക്കാം.ചക്കക്കുരു മാത്രം ഊറ്റി എടുത്തു ചൂടാറാന്‍ വെയ്ക്കുക.ശേഷം മിക്‌സിയില്‍ ഏതാനും സെക്കണ്ടുകള്‍ മാത്രം കറക്കി, പൊടിച്ചെടുക്കുക... വെള്ളം ചേര്‍ക്കരുത്.. കൂടുതല്‍ അരഞ്ഞും പോവരുത്.
അമ്മിക്കല്ലില്‍ വെച്ച് കുഴവി കൊണ്ട് ഇടിക്കുന്നതാണെത്രെ പരമ്പരാഗതമായി ചെയ്യുന്നത്...തേങ്ങ ജീരകം വെളുത്തുള്ളി മുളക്‌പൊടി മഞ്ഞള്‍പ്പൊടി എന്നിവ മിക്‌സിയില്‍ തരുത്തരുപ്പായി പൊടിച്ചെടുക്കുക.പാനില്‍ എണ്ണ ചൂടാക്കി താളിക്കാനുള്ള ചേരുവകള്‍ മൂപ്പിക്കുക
പൊടിച്ച ചക്കക്കുരു ചേര്‍ത്ത് നന്നായി ഇളക്കുക.ഉടനെ തന്നെ തേങ്ങ കൂട്ടും ചേര്‍ത്തിളക്കി ചെറുത്തീയില്‍ അടച്ചു വെച്ച് പാകം ചെയ്യാം..
ഇടയ്ക്കിടെ ഇളക്കി കൊടുക്കാം... ഉപ്പ് ആവശ്യമെങ്കില്‍ ചേര്‍ക്കാം...
നന്നായി മൊരിഞ്ഞു വരുമ്പോള്‍ വാങ്ങി വെയ്ക്കാം
 
Content Highlights: Chakkakuru thallithoran recipe