ആരോഗ്യത്തിന് ഏറെ ഗുണകരമായ പച്ചക്കറികളിലൊന്നാണ് കാരറ്റ്. സാധാരണ രീതിയിൽ കാരറ്റ് സാലഡിൽ ഉൾപ്പെടുത്തുമ്പോൾ പലർക്കും ഇഷ്ടമാകണമെന്നില്ല. വ്യത്യസ്തമായൊരു കാരറ്റ് സാലഡിന്റെ റെസിപ്പി അവതരിപ്പിക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ പൂജ മഖിജ. എരിവും പുളിയും മധുരവും ഉപ്പും കലർന്ന കാരറ്റ് സാലഡ് തയ്യാറാക്കുന്ന വിധമാണ് പൂജ പങ്കുവെക്കുന്നത്.
ചേരുവകൾ
കാരറ്റ്- 5
എണ്ണ- ആവശ്യത്തിന്
കടുക്- അര ടീസ്പൂൺ
കറിവേപ്പില- രണ്ടു തണ്ട്
പച്ചമുളക്- രണ്ടെണ്ണം
മല്ലിയില- മൂന്നു തണ്ട്
നാരങ്ങാനീര്- ഒരു ടീസ്പൂൺ
തേൻ- ഒരു ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാരറ്റ് തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്തുവെക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് വറുക്കുക. കറിവേപ്പിലയും പച്ചമുളകും വഴറ്റിയെടുക്കുക. മറ്റൊരു പാത്രത്തിൽ അരിഞ്ഞുവച്ച മല്ലിയില, നാരങ്ങാനീര്, ഉപ്പ്, തേൻ, ഗ്രേറ്റ് ചെയ്ത കാരറ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കടുക് വറുത്തത് ചേർക്കുക. മുകളിൽ എള്ളും മല്ലിയിലയും കൊണ്ട് അലങ്കരിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.
Content Highlights: Celeb Nutritionist Pooja Makhija Shares Carrot Salad Recipe