എന്തൊക്കെയുണ്ടെങ്കിലും ചോറും ചമ്മന്തിയും അടിപൊളി കോംമ്പിനേഷന്‍സ് തന്നെയാണ്. പാവയക്കയും പാവക്കയിലയും കൊണ്ടൊരു ചമ്മന്തി എന്ന പേര് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കണ്ട. സംഗതി എളുപ്പമാണ് രുചിയുടെ കാര്യത്തിലും ഒട്ടും മോശക്കാരനല്ല
ചേരുവകള്‍:
1. തീരെ ചെറിയ പാവക്ക - ഒന്നോ രണ്ടോ എണ്ണം
2. പാവലിന്റെ തളിരില അരിഞ്ഞത് - 8, 10 എണ്ണം വരെ
3. തേങ്ങ ചിരകിയത് - ഒരു മുറി (ചെറുത്)
4. ഉണക്കമുളക് - 8, 10 എരിവിനനുസരിച്ച്
5. ചെറിയുള്ളി - 15 എണ്ണം
അല്ലെങ്കില്‍, സവോള - വലുത് ഒരെണ്ണം
6. പുളി - വലിയ നെല്ലിക്ക വലിപ്പത്തില്‍
7. കറിവേപ്പില - 2 കതിര്‍പ്പ്
8. വെളിച്ചെണ്ണ - ആവശ്യത്തിന്
പാവക്ക കുരു കളഞ്ഞ് ചെറുതായി അരിയുക. വെളിച്ചെണ്ണ ചൂടാക്കി ആദ്യം ഉണക്കമുളക് മൂപ്പിച്ചെടുക്കുക. പിന്നീട് പാവക്കയും പാവലിന്റെ ഇലയും പച്ചച്ചുവ മാറുന്നത് വരെ വഴറ്റുക. കറിവേപ്പില, ചെറിയുള്ളി/സവോള എന്നിവയും ക്രമത്തില്‍ മൂപ്പിക്കുക. ഒടുവിലായി തേങ്ങയും പുളിയും വറുത്തെടുക്കുക. എല്ലാം കൂടി ഉപ്പ് ചേര്‍ത്ത് നല്ല കട്ടിയില്‍ അരച്ചുരുട്ടുക. ചൂടു ചോറിന്റെ കൂടെ കഴിക്കാന്‍ രുചിയാണ്. പാവലിന്റെ കയ്പ് ഇഷ്ടമുള്ളവര്‍ക്ക് പ്രത്യേകിച്ച്.
പാവല്‍ ചെടി ഇല്ലെങ്കില്‍ വാങ്ങുന്ന പാവക്കയുടെ ഒരു ചെറിയ കഷ്ണം ഉപയോഗിച്ചും ചമ്മന്തി ഉണ്ടാക്കാം.
Content Highlights: Bitter groud chammanthi, pavayka chammanthi, kaypakka chammanthi, simple chammanthi