പൊട്ടാസ്യം, ഫൈബര്‍, അയണ്‍, വിറ്റാമിന്‍ സി എന്നിവയുടെ കലവറയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട സൗത്ത് ഇന്ത്യന്‍ ഡിഷുകളുടെ പ്രധാനഭാഗമാണ്. ബിരിയാണിക്കും ചോറിനുമൊപ്പം കഴിക്കാവുന്ന എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബീറ്റ്‌റൂട്ട് ചട്ണി തയ്യാറാക്കിയാലോ. 

ചേരുവകള്‍

 1. ബീറ്റ്‌റൂട്ട്- ഒരു കപ്പ്
 2. പച്ചമുളക്- രണ്ട്
 3. എണ്ണ- അര ടീസ്പൂണ്‍
 4. വെള്ളം- അര കപ്പ്
 5. കറിവേപ്പില- 7 തണ്ട്
 6. കായം- അല്‍പം
 7. ഉഴുന്നു പരിപ്പ്- ഒരു ടീസ്പൂണ്‍
 8. തേങ്ങ- കാല്‍ കപ്പ്
 9. ഉപ്പ്- പാകത്തിന്

വറവലിന്

 1. എണ്ണ- ഒന്നര ടീസ്പൂണ്‍
 2. കറിവേപ്പില- അഞ്ച് എണ്ണം
 3. കടുക്- അര ടീസ്പൂണ്‍
 4. കായം- അല്‍പം

തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക. ഇനി ഒരു പാനില്‍  എണ്ണചൂടാക്കി അതില്‍ ഉഴുന്ന് പരിപ്പിട്ട് ഗോല്‍ഡന്‍ നിറമാകുന്നതുവരെ ഇളക്കുക. ഇതിലേയ്ക്ക് ബീറ്റ്‌റൂട്ട്, പച്ചമുളക്, കറിവേപ്പില, കായം എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. ബീറ്റ്‌റൂട്ടിന്റെ പച്ചമണം മാറുന്നതുവരെ ഇങ്ങനെ ചെയ്യണം. ശേഷം അടുപ്പില്‍ നിന്നിറക്കി തേങ്ങ മിക്‌സ് ചെയ്യാം. ഇത് ഗ്രൈന്‍ഡറില്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കാം.

ഇനി വറവലിനുള്ള ചേരുവകള്‍ ഒരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം അതിലിട്ട് വറുത്തെടുക്കാം. ഇത് ചട്ണിക്ക് മുകളില്‍ ഒഴിക്കാം.

Content Highlights: Beetroot Chutney South Indian Recipe