തേങ്ങയും ഇഞ്ചിയും ഗരം മസാലയും കുരുമുളക് പൊടിയും ബീഫിന്റെ കൂടെ ചേരുമ്പോള്‍ എങ്ങനെയുണ്ടാകും? വഴറ്റിയ സവാളയുടെ രുചി കൂടി ചേരുമ്പോള്‍... ഒന്നു പരീക്ഷിച്ചു നോക്കൂ.

ചേരുവകള്‍
1 കിലോ ബീഫ് 
ഒരു കപ്പ് തേങ്ങ (ഇഞ്ചി, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചത്)   
ഒരു കപ്പ് ചെറിയ ഉള്ളി 
അര കപ്പ് വെളിച്ചെണ്ണ 
1 ടേബിള്‍സ്പൂണ്‍ ഗരം മസാല 
1 ടേബിള്‍സ്പൂണ്‍ മുളകുപൊടി 
1 ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി 
2 ടീസ്പൂണ്‍ മഞ്ഞള്‍പൊടി 
2 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി 
4 ടേബിള്‍സ്പൂണ്‍ കുരുമുളക് 
7 അല്ലി വെളുത്തുള്ളി 
4 വലിയ ഉള്ളി 
5 പച്ചമുളക്

മാരിനേറ്റ് ചെയ്യാന്‍ ആവശ്യമായ സാധനങ്ങള്‍
1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് 
1 ടേബിള്‍ സ്പൂണ്‍ മുളകുപൊടി 
2 ടീസ്പൂണ്‍ കുരുമുളകുപൊടി 
2 ടീസ്പൂണ്‍ വിനാഗിരി 
ആവശ്യത്തിന് ഉപ്പ് 

തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫില്‍ അരപ്പ് നന്നായി തേച്ച് പിടിപ്പിക്കുക. അരപ്പ് ഇറച്ചിയില്‍ പിടിക്കാനായി മാറ്റിവയ്ക്കുക. അരമണിക്കൂറിന് ശേഷം ആവശ്യത്തിന് വെള്ളം പ്രഷര്‍ കുക്കറില്‍  വേവിക്കുക. വെള്ളം വറ്റിച്ചെടുത്ത് ബീഫ് മാറ്റി വയ്ക്കുക. 

അടുത്തതായി വേവിച്ചു മാറ്റി വച്ചിരിക്കുന്ന ബീഫ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തെടുക്കുക. മറ്റൊരു പാനില്‍ അരക്കപ്പ് വെളിച്ചെണ്ണ ചൂടാക്കി നീളത്തില്‍ അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ഒരോന്നായി പ്രത്യേകം വറുത്തു കോരുക. 

ഇനി ഇതേ എണ്ണയിലേക്ക് കനം കുറച്ച് നീളത്തില്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. സവാള സ്വര്‍ണനിറത്തില്‍ ആയാല്‍ മതി, അധികം മൂപ്പിക്കരുത്. ഇനി ഇതിലേക്ക് പൊടികള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. 

പൊടികളുടെ പച്ചനിറം മാറിയാല്‍ നേരത്തേ വേവിച്ചു വെച്ചിരിക്കുന്ന തേങ്ങ ചേര്‍ക്കാം. ഇനി നേരത്തേ വറുത്തുകോരി മാറ്റി വച്ചിരിക്കുന്ന ബീഫ്, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ കൂടി ഇതിലേക്ക് ചേര്‍ത്തിളക്കുക. ചേരുവകള്‍ നന്നായി ഇളക്കി യോജിപ്പിക്കണം. 

നന്നായി മൂത്ത മണം വരുമ്പോള്‍ ഇതിലേക്ക് കറിവേപ്പില കൂടി ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് വാങ്ങാം. സ്വാദിഷ്ടമായ ബീഫ് കോക്കനട്ട് ഫ്രൈ തയ്യാര്‍. ചൂടോടെ ഉപയോഗിച്ചാല്‍ സ്വാദ് കൂടും.