ചോറിനൊപ്പം കൂട്ടാൻ രുചിമുകുളങ്ങളെ ഉണർത്തുന്ന ഒരു വിഭവം കൂടിയായാലോ? തൊണ്ടൻ മുളക് (ബജ്ജി മുളകിനെക്കാളും ചെറുത് ) കീറി വഴറ്റി പുളി പിഴിഞ്ഞൊഴിച്ചതും ചേർത്ത് തിളപ്പിച്ച്‌ വറ്റിച്ചെടുത്തതു കൂട്ടി ചോറുണ്ണാം. ചോറിനും ചപ്പാത്തിക്കും എന്തിനധികം കഞ്ഞിക്കും വരെ മികച്ചതാണ് ഈ വിഭവം.

ചേരുവകൾ

തൊണ്ടൻ മുളക് 10-12
വാളൻ പുളി അല്പം വെള്ളത്തിൽ കുഴച്ചത് - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ
കായപ്പൊടി- 1/2 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ (optional)
കടുക്- വെളിച്ചെണ്ണ താളിക്കാൻ
ഉപ്പ്- ആവശ്യത്തിന്

തയ്യറാക്കുന്ന വിധം

മുളക് പകുതിക്കു നെടുകെ കീറുക... പൂർണമായും മുറിക്കേണ്ടതില്ല. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതിലേക്ക്‌ മുളക് ചേർത്ത് നന്നായി വഴറ്റുക. ഇനി കായപ്പൊടിയും ഉപ്പും കൂടെ ചേർത്ത് ഏതാനും സെക്കൻഡുകൾ കൂടെ ഫ്രൈ ചെയ്തതിനു ശേഷം പുളി വെള്ളം ഒഴിക്കാം. അടച്ചു വെച്ച് മുളക് മൃദുവായി ചാറൊക്കെ പുരണ്ടു വരുന്ന വരെ പാകം ചെയ്യുക. ഈ ഘട്ടത്തിൽ എരിവ് നോക്കി കുറവാണെന്നു തോന്നുകയാണെങ്കിൽ മാത്രം മുളകുപൊടി ചേർക്കുക. തൊണ്ടൻ മുളക് കിട്ടാത്തവർക്ക് സാദാ ബജ്ജിമുളക് കൊണ്ടുമുണ്ടാക്കാം.

Content Highlights: bajji chilli recipes