ഫ്രൈഡ് റൈസ് കഴിക്കാന്‍ ഇഷ്ടമാണെങ്കിലും ഉണ്ടാക്കാനുള്ള മടി കാരണം പുറത്തുപോയി കഴിക്കുന്നവരുണ്ട്. സത്യത്തില്‍ വളരെ എളുപ്പത്തില്‍ പാകം ചെയ്യാവുന്ന ഒന്നാണ് ഫ്രൈഡ് റൈസ്, മുട്ട കൊണ്ടുള്ള ഫ്രൈഡ് റൈസ് ആണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ഈസിയായി എങ്ങനെ എഗ്ഫ്രൈഡ് റൈസ് ഉണ്ടാക്കാമെന്നാണ് താഴെ നല്‍കിയിരിക്കുന്നത്.

ആവശ്യമുള്ള സാധനങ്ങള്‍

 • മുട്ട- മൂന്നെണ്ണം
 • എണ്ണ- നാലു ടേബിള്‍ സ്പൂണ്‍
 • ഉപ്പ്- ആവശ്യത്തിന്
 • പച്ചമുളക്- രണ്ടെണ്ണം
 • സവാള- ചെറിയതാണെങ്കില്‍ ഒരെണ്ണം മുഴുവന്‍
 • വെളുത്തുള്ളി- മൂന്ന് അല്ലി
 • ഇഞ്ചി- ഒരു ചെറിയ കഷ്ണം
 • കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
 • കാരറ്റ്- ഒരെണ്ണം
 • ബീന്‍സ്- അഞ്ചോ ആറോ
 • ബസ്മതി റൈസ്- നൂറു ഗ്രാം
 • സോയാ സോസ് -ഒരു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാന്‍ നന്നായി ചൂടാക്കി രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. ശേഷം മൂന്നു മുട്ട പൊട്ടിച്ചത് ഒഴിച്ച് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. മുട്ട ചിക്കിയെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്കു മാറ്റിവെക്കുക. ഇനി പാനില്‍ വീണ്ടും രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് വെളുത്തുള്ളിയും ഇഞ്ചിയും ചെറുതാക്കി അരിഞ്ഞത് ചേര്‍ത്ത് ഇളക്കുക. ഒപ്പം രണ്ടു പച്ചമുളകു നെടുകെ കീറിയതും ചേര്‍ക്കാം, ശേഷം ഒരു സവാളയുടെ പകുതിയെടുത്ത് ചെറിയ കഷണങ്ങളാക്കിയതു ചേര്‍ക്കുക. സവാള നന്നായി വഴന്നതിനു ശേഷം ബീന്‍സും കാരറ്റും ചെറുതാക്കി അരിഞ്ഞത് ചേര്‍ത്തുകൊടുക്കുക. ഇവ വെന്തു വരുമ്പോള്‍ സ്പ്രിങ് ഒനിയന്‍ ചേര്‍ക്കാം, വീണ്ടും നന്നായി ഇളക്കുക. ഇടയ്ക്ക് ആവശ്യത്തിന് ഉപ്പ് ഇടണം. മൂന്നു നാലു മിനിറ്റിനു ശേഷം സോയാ സോസ് ചേര്‍ത്ത് ഇളക്കുക. അതിലേക്ക് വേവിച്ചുവച്ച ബസ്മതി റൈസ് ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇതിലേക്ക് നേരത്തെ ചിക്കിവച്ച മുട്ടയും ഒപ്പം  അല്‍പം മുളകുപൊടിയും സ്പ്രിങ് ഒനിയനും ചേര്‍ത്ത് വീണ്ടും ഇളക്കാം. ഇനി ആവശ്യാനുസരണം പാത്രത്തിലേക്കു മാറ്റി ഉപയോഗിക്കാം. 

Content Highlights: Egg fried rice recipe