സൂപ്പുകളോട് പ്രിയമുള്ളവരാണെങ്കില്‍ അല്‍പം വെറൈറ്റി പരീക്ഷിക്കാന്‍ ഇതാ ഒരു അവസരം. അധികം മിനക്കെടാതെ എളുപ്പത്തില്‍ പാലക് മിന്റ് സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
കഷണങ്ങളാക്കിയ പാലക്- ഒന്നര കപ്പ്
മിന്റ് ഇലകള്‍- 12 എണ്ണം
മല്ലിയില അരിഞ്ഞത്- രണ്ട് ടീസ്പൂണ്‍
സ്പ്രിങ് ഒനിയന്‍ തണ്ട് അരിഞ്ഞത്- അരകപ്പ്
മൈദ-രണ്ടു ടേബിള്‍ സ്പൂണ്‍
ജാതിക്കപ്പൊടി- രണ്ടു നുള്ള്
കുരുമുളക്- അര ടീസ്പൂണ്‍
ഫ്രഷ് ക്രീം- കാല്‍ കപ്പ്
ഉപ്പ്- ഒരു നുള്ള്
വെണ്ണ, ഫ്രഷ് ക്രീം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നോണ്‍സ്റ്റിക്ക് പാത്രത്തില്‍ പാലക്, മിന്റ് ഇലകള്‍, സ്പ്രിങ് ഒനിയന്‍ തണ്ട് എന്നിവ നാലു കപ്പ് വെള്ളം ചേര്‍ത്ത് മിതമായ ചൂടില്‍ മൂന്നു നാലുമിനിറ്റ് പാകം ചെയ്യുക. ഇതിനുശേഷം വെള്ളം വാര്‍ത്തു കളയുക. തുടര്‍ന്ന് അല്‍പം തണുത്തവെള്ളം ഇതിലേക്ക് ചേര്‍ത്ത ശേഷം ഒന്നുകൂടി മുഴുവന്‍ വെള്ളവും വാര്‍ത്തു കളയുക. ഇനി ഇത് മിക്‌സറിലിട്ട് അടിച്ചെടുത്ത് ക്രീം രൂപത്തിലാക്കി മാറ്റിവെക്കുക.
ഒരു നോണ്‍സ്റ്റിക്ക് പാനില്‍ അല്‍പം വെണ്ണ എടുത്ത് ചൂടാക്കുക. ഇതിലേക്ക് മൈദപ്പൊടി ചേര്‍ത്ത് കുറഞ്ഞ തീയില്‍ ഒരു മിനിറ്റ് വേവിക്കുക. നന്നായി ഇളക്കിക്കൊടുക്കണം. ഇതിലേക്ക് നേരത്തെ മാറ്റിവെച്ച ക്രീം രൂപത്തിലുള്ള പാലക്, രണ്ടുകപ്പ് വെള്ളം, നട്‌മെഗ് പൗഡര്‍, കുരുമുളകുപൊടി, ഫ്രഷ് ക്രീം, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് ഇത് മീഡിയം ചൂടില്‍ രണ്ടോ മൂന്നോ മിനിറ്റു പാകം ചെയ്യുക. ഈ സമയത്ത് തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. സൂപ്പ് തയ്യാറായാല്‍ ബൗളുകളില്‍ വിളമ്പുക. ഇതിനുശേഷം അതിന് മുകളില്‍ ഫ്രഷ് ക്രീം ഉപയോഗിച്ച് അലങ്കരിക്കുക.
Content Highlights: palak mint soup recipe