അടുക്കളയില്‍ നല്ല തിരക്ക്, സമയത്ത് ഓഫീസില്‍ എത്തണം. ഇതിനിടയിലാണ് മക്കളെ ഭക്ഷണം കഴിപ്പിക്കാനുള്ള ഗുസ്തി. എന്തു കൊടുത്താലും കുഞ്ഞു കഴിക്കില്ല. കൊടുക്കുന്നത് ഒന്നും ഇഷ്ടമില്ല. ഇനി മക്കള്‍ക്ക്  ഇഷ്ടമുള്ളത് ഉണ്ടാക്കാനാണെങ്കില്‍ സമയവും ഉണ്ടാവില്ല. അങ്ങനെ വിഷമിക്കാന്‍ വരട്ടെ ഭക്ഷണം കഴിക്കില്ലെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചാല്‍ എളുപ്പത്തില്‍ ഒരു എഗ്‌ന്യൂസില്‍ ഉണ്ടാക്കിക്കൊടുക്കാം. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പച്ചക്കറികളൊക്കെ അരിഞ്ഞിട്ട് ഒരു എഗ് ന്യൂഡില്‍സ് ഉണ്ടാക്കി കൊടുത്തു നോക്കൂ സന്തോഷത്തോടെ കഴിക്കുന്നത് കാണാം.

ആവശ്യമായ സാധനങ്ങള്‍ 

നൂഡില്‍സ് പാകം ചെയ്തത്- 3/4 കപ്പ് 

കാബേജ് വ്യത്തിയാക്കി അരിഞ്ഞത്- 1/4 കപ്പ്

സവാള ചെറുതായി അരിഞ്ഞത്-1 

സൂര്യകാന്തി എണ്ണ/ വെളിച്ചെണ്ണ- 1 ടെബിള്‍സ്പൂണ്‍

വെളുത്തുള്ളി പേസ്റ്റ് രൂപത്തിലാക്കിയത്-അര ടീസ്പൂണ്‍

ബീന്‍സ് ചെറുതായി അരിഞ്ഞത്- 2 എണ്ണം

മുട്ട- 2 എണ്ണം

പച്ചമുളക് ചെറുതായി അരിഞ്ഞത്-1

കാരറ്റ് ചെറുതായി അരിഞ്ഞത്- 1 

കുരുമുളക് പൊടി- ഒരുനുള്ള് 

ഉപ്പ്- ആവശ്യത്തിന്

പാകംചെയ്യുന്ന വിധം

എഗ്‌നൂഡില്‍സ് തയാറാക്കാനുള്ള പാന്‍ ചെറുതീയില്‍ ചൂടാക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ സൂര്യകാന്തി എണ്ണയോ വെളിച്ചെണ്ണയോ ചേര്‍ക്കുക. എണ്ണ ചൂടായി വരുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക്, വെള്ളുത്തുള്ളി പേസ്റ്റ്  എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, കാബേജ്, കാരറ്റ്, പാകത്തിന് ഉപ്പ്, കുരുമുളക് പൊടി എത്തിവ ചേര്‍ത്ത് ഇളക്കി വഴറ്റുക. ഇതിലേയ്ക്ക് പാകം ചെയ്തു വച്ചിരിക്കുന്ന നൂഡില്‍സ് ചേര്‍ത്ത് ഇളക്കണം. ശേഷം ചെറുതീയില്‍ മൂന്നു മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് മുട്ടപൊട്ടിച്ച് ഒഴിച്ച ശേഷം നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് ഉയര്‍ന്ന തീയില്‍ രണ്ടു മിനിറ്റ് പാത്രം അടച്ചുവച്ചു പാകം ചെയ്ത ശേഷം പാന്‍ അടുപ്പില്‍ നിന്നു മാറ്റുക. അല്‍പ്പം ചൂടാറിയ ശേഷം കുഞ്ഞിനു നല്‍കാം. 

Content Highlights: Egg Noodles Recipe