'മുട്ട പഫ്‌സ്' ഇഷ്ടമല്ലാത്തവര്‍ വളരെ വിരളമായിരിക്കും. ബേക്കറിയിലെ കണ്ണാടി അലമാരയില്‍ പഫ്‌സ് ഇരിക്കുന്നത് കണ്ടാല്‍ പിന്നെ അതൊരെണ്ണമെങ്കിലും വാങ്ങാതെ ഇറങ്ങാന്‍ വല്ലാത്ത വിഷമമാണ്. വീട്ടില്‍ മൈക്രോവേവ് ഓവന്‍ ഉണ്ടോ, ഉണ്ടെങ്കില്‍ അമാന്തിക്കേണ്ട. ഇനി വീട്ടില്‍ തന്നെ ഉണ്ടാക്കാം നല്ല മാസ്സ് മുട്ട പഫ്‌സ്.

ആവശ്യമായ ചേരുവകള്‍ 
പുഴുങ്ങിയ മുട്ട - 3 
എണ്ണ - 1 ടേബിള്‍സ്പൂണ്‍ 
സവാള - 2 വലുത് നീളത്തില്‍ അരിഞ്ഞത് 
തക്കാളി- 1 നീളത്തിലരിഞ്ഞത് 
പച്ചമുളക് - 4 ചതച്ചെടുക്കുക 
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍ 
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍ 
ഗരം മസാലപ്പൊടി - അര ടീസ്പൂണ്‍ 
ആട്ട - 2 കപ്പ് 
വെണ്ണ - 100 ഗ്രാം 
ഉപ്പ് - ആവശ്യത്തിന് 
വെള്ളം - ആവശ്യത്തിന് 
നാരങ്ങാനീര് - 1 ടീസ്പൂണ്‍ 
കറിവേപ്പില - 2 തണ്ട് 

തയ്യാറാക്കുന്ന വിധം 
ആട്ടയില്‍ ആവശ്യത്തിന് വെണ്ണ ചേര്‍ത്ത് പുട്ടിന് മാവ് നനയ്ക്കും പോലെ നനയ്ക്കുക. ശേഷം മാവിലേക്ക് നാരങ്ങാനീരും ഉപ്പും വെള്ളവും ചേര്‍ത്ത് നല്ല മുറുക്കത്തില്‍ കുഴച്ചെടുക്കുക. ഇനി ഈ മാവ് ചെറിയ കനത്തില്‍ പരത്തുക. ഇതിന് മുകളിലായി വെണ്ണ തേച്ചു പിടിപ്പിച്ചിട്ട് നാല് നാലുവശങ്ങളില്‍ നിന്നും ഉള്ളിലേക്ക് മടക്കി അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. 

അര മണിക്കൂറിന് ശേഷം ഈ മാവ് പുറത്തെടുത്ത് വീണ്ടും പരത്തുക. ഇതിലേക്ക് വീണ്ടും വെണ്ണ തേച്ചുപിടിപ്പിച്ചിട്ട് നേരത്തേ പറഞ്ഞതു പോലെ മടക്കി ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ നേരം വയ്ക്കുക. ശേഷം പുറത്തെടുത്ത് പരത്തി ഒരേ അളവിലുള്ള ചതുരക്കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് അര മണിക്കൂര്‍ നേരം പുറത്ത് തന്നെ വയ്ക്കുക. 

ഈ സമയം കൊണ്ട് നമുക്ക് ഫില്ലിങ്ങിനായുള്ള സാധനങ്ങള്‍ തയ്യാറാക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള വഴറ്റിയെടുക്കുക. സവാള വഴന്നുവരുമ്പോഴേക്കും തക്കാളി ചേര്‍ക്കുക. ഇവ രണ്ടും ചേര്‍ത്തിളക്കി എണ്ണ തെളിയുമ്പോള്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും പച്ചമുളകും കറിവേപ്പിലയും കൂടി ചേര്‍ത്തിളക്കുക. 

ചേരുവകളുടെ പച്ചമണം മാറുമ്പോള്‍ ഗരം മസാലപ്പൊടിയും മഞ്ഞള്‍പൊടിയും കൂടി ചേര്‍ത്തിളക്കുക. ഇനി അല്‍പം ഉപ്പ് ചേര്‍ക്കാം. ചേരുവകള്‍ നന്നായി ഇളക്കിച്ചേര്‍ത്ത ശേഷം ഉപ്പ് നോക്കി ആവശ്യമെങ്കില്‍ കുറച്ചുകൂടി ചേര്‍ത്തു കൊടുക്കുക. ശേഷം ഇത് അടുപ്പില്‍ നിന്നും വാങ്ങാം. 

ഇനി നേരത്തേ മാവ് ചതുരക്കഷണങ്ങളാക്കി തയ്യാറാക്കി വച്ചിരിക്കുന്നതില്‍ മസാലയിട്ട് അതിനു മുകളിലായി മുട്ടയുടെ ഒരു പകുതിയും വച്ച് മാവ് നാലു കോണുകളില്‍ നിന്നും പിടിച്ച് അകത്തേക്ക് വയ്ക്കുക. രണ്ട് കോണില്‍ നിന്ന് മാത്രവും ഇങ്ങനെ മടക്കാം. എന്തായാലും ഇങ്ങനെ ചെയ്യുമ്പോള്‍ മാവിന്റെ അറ്റം അകത്തു വച്ച് അധികം അമര്‍ത്തരുത്. 

ഒരു മുട്ട പൊട്ടിച്ച് കലക്കി അത് ഫില്ലിങ് കഴിഞ്ഞ മാവിന്റെ മുകളില്‍ പുരട്ടിക്കൊടുക്കുന്നത് പഫ്‌സിന്റെ രുചിയും നിറവും കൂടാന്‍ സഹായിക്കും. ഇനി നേരത്തേ ചൂടാക്കി വച്ചിരിക്കുന്ന (പ്രീ ഹീറ്റഡ്) അവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 15 മുതല്‍ 20 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കുക.

മുട്ട പഫ്‌സിനായി തയ്യാറാക്കുന്ന മസാലയിലേക്ക് വേണമെങ്കില്‍ പാതിവേവില്‍ പുഴുങ്ങിയെടുത്ത് ചെറിയ കഷണങ്ങളാക്കിയ കാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ് എന്നീ പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കാവുന്നതാണ്. ഇങ്ങനെ വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് സ്വാദിഷ്ടമായ മുട്ട പഫ്‌സ് തയ്യാറാക്കാം.