പിറന്നാളിനും വിവാഹ വാര്‍ഷികത്തിനുമൊക്കെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു അതിഥിയുണ്ട്- കേക്ക്. ഒരു പീസ് കേക്ക് മുറിച്ച് "സന്തോഷ ജന്മദിനം കുട്ടിക്ക്" എന്നു പറയുന്നത് എത്ര സന്തോഷമുള്ള കാര്യമാണല്ലേ?

എന്നാലും പാവം കേക്കിനെ കുറിച്ച് ഒരു അപവാദ പ്രചരണം നിലനില്‍ക്കുന്നുണ്ട്. - ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണെന്ന്. എന്നാല്‍ വിചാരിക്കുന്നതു പോലെ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല കേട്ടോ കേക്ക് നിര്‍മാണം.

സംശയമുണ്ടെങ്കില്‍ ഈ റെസിപ്പി ഒന്നു പരീക്ഷിച്ചു നോക്കൂ...പോഷകസമൃദ്ധവും രുചികരവുമായ ഹെല്‍ത്തി നട്ടി ഡേറ്റ്‌സ് ആന്‍ഡ് കാരറ്റ് കേക്ക് ഉണ്ടാക്കി നോക്കിയാലോ?  

ഹെല്‍ത്തി നട്ടി ഡേറ്റ്‌സ് ആന്‍ഡ് കാരറ്റ് കേക്ക് ഉണ്ടാക്കുന്ന വിധം

ചേരുവകള്‍:

1. കാരറ്റ് (ചെറുതായി ഗ്രേറ്റ് ചെയ്തത്) - ഒരു കപ്പ്
2. ഡേറ്റ്‌സ് (ചെറുതായി അരിഞ്ഞത്) - ഒരു കപ്പ്
3. കശുവണ്ടി അരിഞ്ഞത് - 50 ഗ്രാം
4. ഉണക്ക മുന്തിരി(കുരു നീക്കിയത്) - 50 ഗ്രാം
5. ഗോതമ്പുപൊടി - 125 ഗ്രാം
6. ബേക്കിങ് പൗഡര്‍ - ഒരു ടീസ്​പൂണ്‍
7. ബേക്കിങ് സോഡ - അര ടീസ്​പൂണ്‍
8. കറുവപ്പട്ടപ്പൊടി - കാല്‍ ടീസ്​പൂണ്‍
9. ജാതിപത്രിപ്പൊടി - കാല്‍ ടീസ്​പൂണ്‍
10. ഉപ്പ് - ഒരു നുള്ള്
11. വാനില എസ്സന്‍സ് - ഒരു ടീസ്​പൂണ്‍
12. റിഫൈന്‍ഡ് ഓയില്‍ (സണ്‍ഡ്രോപ് ഓയില്‍) - 125 മില്ലി
13. മുട്ട - 3
14. പഞ്ചസാര (കരിക്കുവാന്‍) - 3 ടേബിള്‍ സ്​പൂണ്‍
15. പഞ്ചസാര (പൊടിച്ചത്) - 125 ഗ്രാം
16. ബ്രാന്‍ഡി (ആവശ്യമെങ്കില്‍) - ഒരു ടേബിള്‍ സ്​പൂണ്‍

തയ്യാറാക്കുന്ന വിധം 

1. 25 സെ.മീ. വലിപ്പമുള്ള ഒരു സ്​പ്രിങ് ഫോം മോള്‍ഡ് ബട്ടര്‍ പുരട്ടി മയപ്പെടുത്തുക.
2. അവ്ന്‍ 1900 ഇല്‍ പ്രീ ഹീറ്റ് ചെയ്യുക.
3. ഗോതമ്പുമാവ്, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, കറുവപ്പട്ടപ്പൊടി, ജാതിപത്രിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തരിക്കുക.
4. പഞ്ചസാര 3 ടേബിള്‍ സ്​പൂണ്‍ കരിക്കുക.
5. മുട്ട, വാനില എസ്സന്‍സും ചേര്‍ത്ത് ബീറ്റ് ചെയ്തതില്‍ പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് ഹൈസ്​പീഡില്‍ ബീറ്റ് ചെയ്തിട്ട് അതില്‍ പഞ്ചസാര കരിച്ചതും ചേര്‍ത്ത് ബീറ്റ് ചെയ്യുക.
6. ബീറ്റിങ് നിര്‍ത്തിയിട്ട് അരിച്ചുവെച്ചിരിക്കുന്ന ഗോതമ്പുമാവും മറ്റു പൊടികളും ഇതില്‍ ചേര്‍ത്ത് ഫോള്‍ഡ് ചെയ്യുക.
7. കാരറ്റ് ഗ്രേറ്റ് ചെയ്തതും ഡേറ്റ്‌സ് അരിഞ്ഞതും ബ്രാന്‍ഡിയുമായി യോജിപ്പിച്ച് ഈ കൂട്ടിലേക്ക് ചേര്‍ത്തിളക്കുക.
8. കശുവണ്ടി അരിഞ്ഞതും ഉണക്കമുന്തിരിയും ഇതുമായി യോജിപ്പിച്ച ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മോള്‍ഡിലൊഴിച്ച് മേശപ്പുറത്തു വെച്ച് ഒന്നു തട്ടിയ ശേഷം 1900ഇല്‍ പ്രീ ഹീറ്റ് ചെയ്തിരിക്കുന്ന അവ്‌നില്‍ 30 മിനിട്ടും പിന്നീട് 1800ഇ ല്‍ 40 മിനിട്ടും അങ്ങനെ ആകെ ഒരു മണിക്കൂര്‍ 10 മിനിട്ട് ബേക്ക് ചെയ്യുക.
9. തണുത്തതിനുശേഷം ബേക്കു ചെയ്ത പാത്രത്തില്‍നിന്നും മാറ്റി ഉപയോഗിക്കുക.

പാചകക്കുറിപ്പിനു കടപ്പാട്: ഡെലീഷ്യസ് കേക്ക്‌സ്- ലില്ലി ബാബു ജോസ്.
പുസ്തകം വാങ്ങാം..