ഇരുമ്പന്‍ പുളി ഒരിക്കല്‍ കടിച്ചാല്‍ അതിന്റെ പുളി ജന്മത്ത് മറക്കില്ല. അതുപോലെ ഇരുമ്പന്‍പുളിയിട്ട് വയ്ക്കുന്ന മീന്‍ കറിയുടെ ടേസ്റ്റും ജന്മത്ത് മറക്കില്ല. പലനാടുകളില്‍ പല പേരാണ് ഇരുമ്പന്‍ പുളിക്ക്, ഓര്‍ക്കാപ്പുളി, ഇലുമ്പന്‍ പുളി അങ്ങനെ പോകുന്നു പേരുകള്‍.. പേരെന്തായാലും മത്തിയുടെ കൂടെ കൂടിയാല്‍ ആള് കിടിലനാ....

ആവശ്യമുള്ളവ

 1. മത്തി- ഒരു കിലോ (കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയത്)
 2. ഇഞ്ചി- നീളത്തില്‍ അരിഞ്ഞത് ഒരു സ്പൂണ്‍
 3. വെളുത്തുള്ളി- ആറോ ഏഴോ അല്ലി 
 4. ചെറിയ ഉള്ളി- എട്ട് എണ്ണം
 5. വെളിച്ചെണ്ണ- മൂന്ന് ടീ സ്പൂണ്‍
 6. കറിവേപ്പില- രണ്ട് തണ്ട്
 7. കടുക് - ആവശ്യത്തിന്
 8. പച്ചമുളക് - 2 എണ്ണം നീളത്തില്‍ അരിഞ്ഞത് 
 9. മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
 10. ഉലുവ- കുറച്ച് 
 11. മഞ്ഞള്‍പ്പൊടി- അര ടീസ് പൂണ്‍
 12. ഇരുമ്പന്‍പുളി - 10- 12 എണ്ണം നടുവെ മുറിച്ചത്
 13. തേങ്ങ:  അരക്കപ്പ് നേര്‍മ്മയായി അരച്ചത്
 14. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

മത്തി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു മണ്‍ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും ഇട്ട് പൊട്ടിയ്ക്കുക. അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നുവരുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും ചേര്‍ക്കുക. പൊടിയുടെ പച്ചമണം മാറുമ്പോള്‍ തേങ്ങ അരച്ചതും ആവശ്യത്തിന് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. തിള വരുമ്പോള്‍ ഇതിലേക്ക് മത്തിയും ഇരുമ്പന്‍ പുളിയും ചേര്‍ക്കുക. മീന്‍ വെന്തുകഴിയുമ്പോള്‍ ഒരു തണ്ട് കറിവേപ്പില കൂടി ചേര്‍ത്ത് വാങ്ങിവയ്ക്കാം. മീന്‍ കറി റെഡി  

Content Highlight: Irumban Puli Meen Curry kerala style fish curry