ണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ചീര. പരിപ്പും ചീരയും ചേര്‍ത്തുള്ള ഒരു നാടന്‍ വിഭവം, ചീര എരിശ്ശേരി കൂട്ടിയാവാം ഇന്നത്തെ ഊണ്. 

ചേരുവകള്‍ 
2 കപ്പ് ചീര അരിഞ്ഞത് (പച്ച ചീര) 
1 കപ്പ് തേങ്ങ ചിരകിയത് 
1 കപ്പ് പരിപ്പ് 
3 വറ്റല്‍മുളക് 
3 പച്ചമുളക് 
2 തണ്ട് കറിവേപ്പില 
3 ടേബിള്‍ സ്പൂണ്‍ തേങ്ങ (വറുക്കാന്‍) 
1 ടീസ്പൂണ്‍ ജീരകം 
1 ടീസ്പൂണ്‍ കുരുമുളകുപൊടി 
അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി 
കാല്‍ ടീസ്പൂണ്‍ കടുക് 
ആവശ്യത്തിന് എണ്ണ 
ആവശ്യത്തിന് ഉപ്പ് 

തയ്യാറാക്കുന്ന വിധം 
4 മണിക്കൂര്‍ വെള്ളത്തിലിട്ട് നന്നായി കുതിര്‍ത്തെടുത്ത പരിപ്പ് കഴുകിയ ശേഷം വേവിക്കുക. ചിരകിയ തേങ്ങയില്‍ നിന്നും 3 ടേബിള്‍ സ്പൂണ്‍ മാറ്റി വച്ച ശേഷം ബാക്കിയുള്ളതും ജീരകവും പച്ചമുളകും ചേര്‍ത്ത് അരച്ചു മാറ്റി വയ്ക്കുക. 

പരിപ്പ് മുക്കാല്‍ വേവാകുമ്പോള്‍ ചീര ചേര്‍ക്കുക. ശേഷം മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കുക. 

അടുത്തതായി നേരത്തേ അരച്ചു വച്ചിരിക്കുന്ന തേങ്ങ കറിയിലേക്ക് ചേര്‍ത്തിളക്കുക. തിളയ്ക്കുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക. ഇനി കടുകു താളിച്ച് കറിയ്ക്കു മുകളിലായി ഇടുക. 

തീര്‍ന്നിട്ടില്ല, നേരത്തേ അരയ്ക്കാതെ മാറ്റി വച്ചിരിക്കുന്ന തേങ്ങ കടുകു പൊട്ടിച്ച പാനിലെ ബാക്കി എണ്ണയിലിട്ട് ചൂടാക്കുക.

തേങ്ങ ചുവന്നു വരുമ്പോള്‍ ഇതിലേക്ക് ഒരു നുള്ള് കുരുമുളകുപൊടിയും കൂടി ചേര്‍ത്തിളക്കി കറിയിലേക്ക് ചേര്‍ക്കുക. രുചികരവും പോഷക സമ്പുഷ്ടവുമായ ചീര എരിശ്ശേരി തയ്യാര്‍...