ഠിത്തവും ജോലിയുമൊക്കെയായി വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ടി വരുമ്പോഴാണ് നമ്മുടെയുള്ളില്‍ മടിപിടിച്ചുറങ്ങുന്ന പാചകകല സടകുടഞ്ഞ് പുറത്തു വരുക. ആ ഉയര്‍ത്തെഴുന്നേല്‍പില്‍ ഉണ്ടാക്കപ്പെടുന്ന ബാച്ചിലേഴ്‌സ് സ്‌പെഷ്യല്‍ വിഭവങ്ങള്‍ക്ക് ഒരു പ്രത്യേക രുചി തന്നെ ആയിരിക്കും. 

അത്തരത്തില്‍ ഒരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്, ബാച്ചിലേഴ്‌സ് സ്പെഷ്യല്‍ ബീഫ് വരട്ടിയത്. ബാച്ചിലേഴ്‌സിന് മാത്രമല്ല പാചകം ഇഷ്ടപ്പെടുന്നവര്‍ക്കും ഭക്ഷണപ്രിയര്‍ക്കും ഒരുപോലെ പരീക്ഷിക്കാവുന്ന ഒരു വിഭവമാണ് ഇത്. 

ആദ്യം തന്നെ അരക്കിലോ ബീഫ് കഴുകി വൃത്തിയാക്കി മുളകുപൊടിയും ഇറച്ചി മസാലയും മല്ലിപ്പൊടിയും മഞ്ഞള്‍പൊടിയും കുരുമുളകുപൊടിയും പിന്നെ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അരപ്പു ഇറച്ചിയില്‍ നന്നായി പിടിക്കാനായി അര മണിക്കൂര്‍ വയ്ക്കുക. 

ഒരു പ്രഷര്‍ കുക്കറില്‍ വെളിച്ചെണ്ണ ചൂടാക്കി പത്തു കുഞ്ഞുള്ളി ചതച്ചതും അഞ്ചു പച്ചമുളകും മൂപ്പിച്ച് അരച്ച ഇഞ്ചിയും വെളുത്തുള്ളുയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. 

അടുത്തതായി ഇതിലേക്ക് നീളത്തില്‍ അരിഞ്ഞ തക്കാളിയും അരപ്പു തേച്ചു വച്ചിരിക്കുന്ന ബീഫും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് കുക്കര്‍ അടച്ചു ചെറുതീയില്‍ വേവിക്കുക. നാല് വിസിലാണ് ഇത് വേകാനുള്ള സമയം. 

വെള്ളം ഒട്ടും കളയരുത്. ഇറച്ചി  അതിന്റെ നെയ്യില്‍ വേവുന്നതാണ് രുചി. ഇറച്ചി വെന്തു കഴിഞ്ഞു പ്രഷര്‍ പോയതിന് ശേഷം ഒരു ചട്ടിയില്‍ ഇത്തിരി വെളിച്ചെണ്ണ ചൂടാക്കി അല്‍പം ഇറച്ചി മസാല മൂപ്പിച്ചതും ബീഫും ചേര്‍ത്തു ഒന്നിളക്കിയെടുക്കുക. 

ഇനി, തീ നന്നായിട്ട് കൂട്ടി അരപ്പ് വറ്റി വരുമ്പോള്‍ ചതച്ച കുരുമുളകും ഒരു തണ്ട് കറിവേപ്പിലയും മുകളില്‍ വിതറി തീ അണച്ച് അടുപ്പില്‍ നിന്നും വാങ്ങാം. ബാച്ചിലേഴ്‌സ് സ്പെഷ്യല്‍ ബീഫ് വരട്ടിയത് റെഡി. 

Content Highlights: Beef Varattiyath, Bechelors Special Beef Varattiyath, Beef Varattiyath Kerala Style, Beef Fry, Beef Curry, beef, Beef Special, food, tasty, Beef Coconut fry, Beef Stir Fry, recipes