മീന്‍ ഇല്ലാതെ ചോറിറങ്ങില്ല, ഒട്ടുമിക്ക മലയാളിക്കും. അതും മത്തിയാണെങ്കില്‍ പിന്നത്തെ കാര്യം പറയേണ്ട. 'മത്തി'യെന്നും'ചാള'യെന്നും അറിയപ്പെടുന്ന മീന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വറുത്തും തേങ്ങയരച്ച് വെച്ചും മുളകിട്ടും പൊള്ളിച്ചും ഒക്കെ മത്തി ഉപയോഗിക്കുന്നു. എന്നാല്‍, ഔഷധഗുണത്തെക്കുറിച്ച്  അറിയുമ്പോഴാണ് മത്തിയുടെ പ്രസക്തിയേറുന്നത്. ആരോഗ്യപരമായ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍
ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഭക്ഷണത്തിനുള്ള പങ്ക്. ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും നിലനില്‍ക്കുന്ന ഇക്കാലത്ത് സാധാരണക്കാരനെ സംബന്ധിച്ച് പോഷകവും സമീകൃതവുമായ ഒരു 'മെനു'തയ്യാറാക്കുക അത്ര എളുപ്പമല്ല. എന്നാല്‍ വിലക്കയറ്റവും ക്ഷാമവും മായം ചേര്‍ക്കലുമൊക്കെ അതിന്റെ ഉച്ചകോടിയില്‍ എത്തിനില്ക്കുമ്പോഴും അവന്റെ സഹായത്തിനെത്തുന്ന ഒന്നാണ് പാവപ്പെട്ടവന്റെ മത്സ്യമായ മത്തി.
രുചി, പോഷണം, വിലക്കുറവ് എന്നിവ പരിഗണിക്കുമ്പോള്‍ സസ്യേതര ഭക്ഷ്യവസ്തുക്കളില്‍ മുന്‍പന്തിയിലാണ് മത്തിയുടെ സ്ഥാനം 

മത്തി അല്പം ചരിത്രം

ഈ മത്സ്യത്തിന്റെ ഇംഗ്ലീഷ് പേര് 'സാര്‍ഡീന്‍' എന്നാണ്. ഇറ്റലിക്ക് സമീപമുള്ള 'സാര്‍ഡീന' എന്ന ദ്വീപിന്റെ പേരില്‍ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഈ ദ്വീപിന് ചുറ്റുമുള്ള കടലില്‍ മത്തിയുടെ വന്‍തോതിലുള്ള ശേഖരം എല്ലായ്‌പ്പോഴും കണ്ടുവരുന്നതിനാലാണ് മത്തിക്ക് 'സാര്‍ഡീന്‍' എന്ന പേര് വന്നത്.  ആഗോളതലത്തില്‍ ഈ ചെറു മത്സ്യത്തിനുള്ള ജനപ്രീതിക്ക് ഒരു വലിയ അളവുവരെ നെപ്പോളിയന്‍ ചക്രവര്‍ത്തി കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ടിന്നിലടച്ച മത്തിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നത്രെ. ആദ്യമായി ടിന്നിലടച്ചു സൂക്ഷിക്കപ്പെട്ട മത്സ്യവും മത്തിയാണെന്ന് ചരിത്രം പറയുന്നു. അറ്റ്‌ലാന്റിക് സമുദ്രവും പസഫിക് സമുദ്രവും മത്തിയുടെ മുഖ്യ ഉറവിടങ്ങളാണ്.

മത്തിയുടെ ഔഷധഗുണം

മത്തിയുടെ ഗുണങ്ങള്‍ പറയുമ്പോള്‍ ആദ്യം പറയേണ്ടത് 'ഒമേഗ3' ഫാറ്റി ആസിഡിനെക്കുറിച്ചാണ്. ഹൃദ്രോഗികളുടെ ശരാശരി പ്രായം, കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇത് ഏറെ പ്രസക്തവുമാണ്. മത്തിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഘടകം ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ഏറെ നല്ലതാണെന്ന് നിരവധി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. കൂടാതെ ട്രൈ ഗ്ലിസറൈഡുകളുടെ അളവും രക്തസമ്മര്‍ദവും കുറയ്ക്കാനും ഒമേഗ3 ഫാറ്റി ആസിഡ് സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ധമനികളുടെ ഭിത്തിയുടെ കനം കൂടുന്നത് തടയുന്നതിലും ശരിയായ ഹൃദയതാളം നിലനിര്‍ത്തുന്നതിലും ഇതിന് പങ്കുണ്ട്.

പ്രോട്ടീന്‍
ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം, കാര്‍ബോഹൈഡ്രേറ്റിന്റെ സാന്നിധ്യം തീര്‍ത്തും കുറവായത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരാശരി ഉപഭോഗത്തില്‍ ഒരുനേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്ന് കിട്ടുന്നതായാണ് കണക്ക്.

കാല്‍സ്യവും ഫോസ്ഫറസും
എല്ലിന്റെയും പല്ലിന്റെയും ഉറപ്പിന് ഇവ രണ്ടും അത്യാവശ്യമാണ്. പതിവായി മത്തി കഴിക്കുന്നത് ഉറപ്പുള്ള എല്ലും പല്ലും നിലനിര്‍ത്താനും ഓസ്റ്റിയോ പൊറോസിസ് (എല്ലിന്റെ ഉറപ്പു കുറയുന്ന ഒരുതരം രോഗം) തടയാനും സഹായിക്കുന്നു. കൂടാതെ, ബുദ്ധി വികാസത്തിനും മത്തി ഏറെ നല്ലതാണ്. കുട്ടികളുടെ ബുദ്ധി വികാസത്തിന് നെല്ലിക്ക ചേര്‍ത്തരച്ച മത്തിക്കറി നല്ലതാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇവിടെയും ഒമേഗാ3 ഫാറ്റി ആസിഡിന്റെ ഗുണമാണ് കാണുന്നത്.  തലച്ചോറിന്റെ ഭാരത്തിന്റെ ഒരു നല്ല ശതമാനവും ഒമേഗാ3 ഫാറ്റി ആസിഡാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബുദ്ധി, ഓര്‍മ, പഠനോത്സുകത, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഭക്ഷണത്തില്‍ മത്തി ഉള്‍പ്പെടുത്തുന്നതു മൂലം സാധിക്കും.  കൂടാതെ, വന്‍കുടലിലെ കാന്‍സറിന് കാരണമാകുന്ന ഒരു ജനിതക വസ്തുവിനെതിരെ പ്രവര്‍ത്തിക്കാനുള്ള ഒമേഗാ3 ഫാറ്റി ആസിഡിന്റെ കഴിവുകൊണ്ട് ഇത്തരം കാന്‍സര്‍ നിരക്ക് കുറയ്ക്കാനും ഈ ചെറുമത്സ്യം സഹായിക്കുന്നു. ത്വക്കിന്റെ സ്‌നിഗ്ദ്ധതയും ഈര്‍പ്പവും നിലനിര്‍ത്താനും ഇതിന് കഴിവുണ്ട്.  ഒമേഗ3 ആസിഡിന്റെ ഇത്തരം ഗുണങ്ങളൊക്കെ അടങ്ങിയ ടൂണ (ചൂര) മത്സ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ മത്തിക്ക് മറ്റൊരു ഗുണം കൂടിയുണ്ട്, ഇതില്‍ സമുദ്രജലത്തില്‍ നിന്ന് കിട്ടുന്ന മെര്‍ക്കുറി പോലുള്ള വിഷാംശം തീരെ കുറവാണ്. വിറ്റാമിന്‍ ഡി യും വളരെ കൂടിയ അളവില്‍ മത്തിയിലുണ്ട്.  ഹൃദ്രോഗം ഉള്ളവരും ഹൃദ്രോഗത്തെ ചെറുക്കാന്‍ ആഗ്രഹിക്കുന്നവരും ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ഭക്ഷണത്തില്‍ മത്തി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പക്ഷേ, മത്തി പൊരിച്ച് കഴിക്കുമ്പോള്‍, മത്തിയുടെ ഈ ഗുണങ്ങളൊക്കെ കിട്ടുമെങ്കിലും പൊരിക്കുന്ന എണ്ണയുടെയും ചൂടാക്കുമ്പോള്‍ എണ്ണയ്ക്കുണ്ടാകുന്ന രാസമാറ്റങ്ങളുടെയും ഫലമായി മൊത്തത്തില്‍ വിപരീത ഫലമാണ് ഉണ്ടാവുക. അതുകൊണ്ട് മത്തി കറിവെച്ചു തന്നെ കഴിക്കാന്‍ ശ്രമിക്കുക.


മത്തി പുളിയില ഫ്രൈ

mathi

ആവശ്യമുള്ള സാധനങ്ങള്‍ 
1. മത്തി ചെറിയ കഷണങ്ങളാക്കിയത് അര കിലോ
2. വാളന്‍പുളിയില രണ്ട് കപ്പ്
3. കാന്താരി മുളക് ആവശ്യത്തിന്
4. മഞ്ഞള്‍പ്പൊടി രണ്ട് ടീസ്പൂണ്‍
5. ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം
രണ്ട് മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ നന്നായി അരച്ച് മത്തിയില്‍ പുരട്ടുക. ഇത് അല്പം എണ്ണയൊഴിച്ച് പൊരിച്ചെടുക്കുക.

മത്തി വെണ്ടയ്ക്ക സൂപ്പ്
ആവശ്യമുള്ള സാധനങ്ങള്‍ 

ചെറിയ മത്തി - എട്ടെണ്ണം
ചെറിയ വെണ്ടയ്ക്ക - എട്ടെണ്ണം
വെളിച്ചെണ്ണ - 20 മില്ലി
വെളുത്തുള്ളി നുറുക്കിയത് - അഞ്ച് ഗ്രാം
ചുവന്നുള്ളി നുറുക്കിയത് - 10 ഗ്രാം
ചുവന്ന മുളക് നുറുക്കിയത് - രണ്ട് ഗ്രാം
കറിവേപ്പില - എട്ടെണ്ണം
പുളിവെള്ളം - 10 മില്ലി
ഫിഷ് കറിപൗഡര്‍ - 40 ഗ്രാം
തക്കാളി (മുറിച്ചത്) - എട്ടെണ്ണം
മുരിങ്ങയില - അര കപ്പ്
ശര്‍ക്കര ഗ്രേറ്റ് ചെയ്തത് - ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ - ഒരു കപ്പ്
വെള്ളം - 400 മില്ലി
ഉപ്പ് - അഞ്ച് മില്ലി

തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കിയ ശേഷം, എല്ലാം ചേരുവകളും ചേര്‍ക്കുക (മത്സ്യം, മുരിങ്ങയില, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ക്കേണ്ട). ശേഷം ഇതിലേക്ക് മത്സ്യം ചേര്‍ത്ത്, ചെറുതീയില്‍ വേവിക്കുക. ശേഷം തേങ്ങാപ്പാലും ചേര്‍ക്കുക. ഒടുവില്‍ മുരിങ്ങയിലയും ചേര്‍ത്ത് ഉപയോഗിക്കാം

മത്തി  മരച്ചീനി
ആവശ്യമുള്ള സാധനങ്ങള്‍ 

മത്തി - അര കിലോ
മരച്ചീനി - മുക്കാല്‍ കിലോ
പച്ചമുളക് - നാലെണ്ണം
ചുവന്നുള്ളി - പത്ത് ചുള
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - നാല് അല്ലി
കറിവേപ്പില - രണ്ട് തണ്ട്
മഞ്ഞള്‍പ്പൊടി - ഒന്നേകാല്‍ ടീസ്പൂണ്‍
മുളകുപൊടി - രണ്ട് ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ഒരു ടീസ്പൂണ്‍


തയ്യാറാക്കുന്ന വിധം
മരച്ചീനി തൊലി കളഞ്ഞ് ചെറുതായി നുറുക്കിയെടുത്ത് കഴുകി അര കപ്പ് വെള്ളം, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പ് ചേര്‍ത്ത് അടച്ച് വേവിച്ച ശേഷം (വെള്ളം വറ്റിച്ചെടുക്കണം) നന്നായി ഉടച്ച് മാറ്റി വെയ്ക്കണം.

മത്തി വെട്ടി, കഴുകി അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒന്നര ടീസ്പൂണ്‍ മുളകുപൊടി, പാകത്തിന് ഉപ്പ്, ഒരു തണ്ട് കറിവേപ്പില, അര കപ്പ് വെള്ളം ഇവ ചേര്‍ത്ത് വേവിച്ച് വറ്റിച്ചെടുക്കുക. തണുത്തശേഷം വാല്‍ ഭാഗത്ത് പിടിച്ച് കുടഞ്ഞ് മുള്ള് മാത്രം മാറ്റി കളയുക. സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് മുതലായവ പൊടിയായി അരിഞ്ഞെടുക്കണം. ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് വെളിച്ചെണ്ണയൊഴിച്ച് ചൂടായാല്‍, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ക്രമത്തില്‍ ചേര്‍ത്ത് നന്നായി വഴറ്റിയശേഷം അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പ് ചേര്‍ത്ത് വീണ്ടും ഇളക്കി പച്ചമണം മാറിയാല്‍ നേരത്തേ തയ്യാറാക്കിയ മത്തിമരച്ചീനി കൂട്ട് ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.

ഒരുവിധം തണുത്തശേഷം കൈവെള്ളയില്‍ എണ്ണ തടവി വൃത്താകൃതിയില്‍ ഒരേ വലുപ്പമുള്ള പാറ്റീസ് ഉണ്ടാക്കി ദോശക്കല്ലില്‍ എണ്ണ തടവി ഇരുപുറവും സ്വര്‍ണ നിറത്തില്‍ വറുത്തെടുക്കുക.

മത്തി  വേവിച്ചത്

mathi

ആവശ്യമുള്ള സാധനങ്ങള്‍ 
1.  മത്തി അര കിലോഗ്രാം
2.  വെള്ളം പാകത്തിന്
3.  കുടംപുളി 23 കഷണം കീറിയത്
4.  മീന്‍പൊടി 3 ടേബിള്‍ സ്പൂണ്‍


തയ്യാറാക്കുന്ന വിധം 
ഇടത്തരം കഷണമായി അരിഞ്ഞ മീന്‍ ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയും കുറച്ച് ഉപ്പും ഒരു സ്പൂണ്‍ മൈദ, ആട്ട അല്ലെങ്കില്‍ അരിപ്പൊടി എന്നിവയും ചേര്‍ത്ത് ചട്ടിയില്‍ 15 മിനുട്ട് വെയ്ക്കുക. പല വെള്ളത്തില്‍ വെള്ളം തെളിയുന്നതു വരെ കഴുകി ഊറ്റിവെയ്ക്കുക. ഒരു ചട്ടിയില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ മീന്‍പൊടിയും ഒന്നര ഗ്ലാസ് വെള്ളവും പാകത്തിന് പുളിയും ചേര്‍ത്ത് തിളപ്പിക്കുക.

അതിനുശേഷം ഇതിലേക്ക് മീന്‍കഷണം ഓരോന്നായി, വേണമെങ്കില്‍ ഉപ്പു ചേര്‍ത്ത്, അടച്ച് നല്ലതുപോലെ പത്ത് മിനുട്ട് തിളപ്പിക്കുക. തീ കുറച്ച് മീന്‍ വറ്റുന്നതു വരെ ചെറിയ തീയില്‍ വെയ്ക്കുക. എല്ലാ ദിവസവും ചൂടാക്കി ഉപയോഗിച്ചാല്‍ ഇരിക്കുംതോറും രുചി കൂടും.  മീന്‍ പൊടി ഉണ്ടെങ്കില്‍ മീന്‍കറി എളുപ്പത്തില്‍ തയ്യാറാക്കാം.

മീന്‍പൊടി
ആവശ്യമുള്ള സാധനങ്ങള്‍ 

1. ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് 150 ഗ്രാം
2. ഇഞ്ചി, വെളുത്തുള്ളി നീളത്തില്‍ 
കനം കുറച്ച് അരിഞ്ഞത് 150 ഗ്രാം വീതം
3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 200 ഗ്രാം
4. കറിവേപ്പില 200 ഗ്രാം
5. ഉലുവപ്പൊടി 75 ഗ്രാം
6. കശ്മീരി മുളകുപൊടി 500 ഗ്രാം
7. വെളിച്ചെണ്ണ 300 ഗ്രാം
8. ഉപ്പ്  100 ഗ്രാം
9. കുടംപുളി 500 ഗ്രാം

തയ്യാറാക്കുന്ന വിധം
കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി വറുത്തു കോരി മാറ്റുക. അതുപോലെ തന്നെ ഇഞ്ചിവെളുത്തുള്ളി അരിഞ്ഞതും കറിവേപ്പിലയും വറുത്തു കോരി മാറ്റുക. അതേ എണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എണ്ണ തെളിയുന്നതു വരെ ചൂടാക്കുക. തീ കുറച്ചതിനു ശേഷം അതിലേക്ക് ഉലുവപ്പൊടിയും മുളകുപൊടിയും നിറം മാറാതെ ചൂടാക്കുക. ഉപ്പും വറുത്തു മാറ്റിയ ചേരുവകളും കുടംപുളി സത്തും കൂടി നന്നായി ഇളക്കുക. ആറിയതിനു ശേഷം അടപ്പ് മുറുകിയ പാത്രത്തില്‍ ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിച്ചു വെയ്ക്കുക. രണ്ടോ മൂന്നോ വര്‍ഷം വരെ ഇരിക്കും.

മത്തി ബജി
ആവശ്യമുള്ള സാധനങ്ങള്‍ 

1. ചെറിയ മത്തി - പത്ത് എണ്ണം
2. കടലപ്പൊടി - ഒരു കപ്പ്
  അരിപ്പൊടി - രണ്ട് ടീസ്പൂണ്‍
3. സവാള - ഒന്ന്
  ഇഞ്ചി - ഒരു കഷണം
  പച്ചമുളക് - മൂന്നെണ്ണം
  കറിവേപ്പില - ഒരു ഇതള്‍ 
  മല്ലിയില - കുറച്ച്
4. മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
   മുളകുപൊടി - അര ടീസ്പൂണ്‍
  ഉപ്പ് - പാകത്തിന്
5. എണ്ണ വറുക്കാന്‍

തയ്യാറാക്കുന്ന വിധം
മത്തി വൃത്തിയാക്കി വരഞ്ഞുവെയ്ക്കുക. രണ്ട് ടീസ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് ഒരു മസാല തയ്യാറാക്കുക. ഇത് മീനില്‍ തേച്ചുപിടിപ്പിച്ച് 10 മിനുട്ട് വെയ്ക്കുക. ഈ മീന്‍ കഷണങ്ങള്‍ ചൂടായ എണ്ണയിലിട്ട് ചെറുതായി വറുത്ത് കോരുക (അധികം മൊരിയരുത്).

മൂന്നാമത്തെ ചേരുവകള്‍ കൊത്തിയരിഞ്ഞ് വെയ്ക്കുക. കടലമാവും അരിപ്പൊടിയും ചേര്‍ത്തിളക്കിയതിലേക്ക് കൊത്തിയരിഞ്ഞ ചേരുവകളും മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവയും ചേര്‍ത്ത് വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ച് ദോശമാവിനേക്കാള്‍ കട്ടിയില്‍ മാവ് തയ്യാറാക്കുക. വറുത്തുവെച്ച മീന്‍ കഷണങ്ങള്‍ തയ്യാറാക്കിയ കടലമാവ്കൂട്ടില്‍ മുക്കി ചൂടായ എണ്ണയിലിട്ട് ഗോള്‍ഡണ്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരുക.

മീന്‍ അവിയല്‍ 

mathi

ആവശ്യമുള്ള സാധനങ്ങള്‍ 
1. മത്തി - അര കിലോ
2. വറ്റല്‍ മുളക് കഷണങ്ങളാക്കിയത് - രണ്ട് എണ്ണം
കറിവേപ്പില - രണ്ട് തണ്ട്
3. മുളകുപൊടി - രണ്ടര ചെറിയ സ്പൂണ്‍
 മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍
4. ചുവന്നുള്ളി ചതച്ചത് - അഞ്ച് എണ്ണം
വെളുത്തുള്ളി ചതച്ചത് - മൂന്ന് അല്ലി
പച്ചമുളക് ചതച്ചത് - മൂന്ന് എണ്ണം
ഇഞ്ചി ചതച്ചത് - രണ്ട് ചെറിയ കഷണം
5. തേങ്ങ ചിരവിയത് - ഒരു കപ്പ്
6. വാളന്‍ പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
7. കടുക്, വെളിച്ചെണ്ണ, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുക് പൊട്ടിച്ച് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപ്പിക്കുക. പുളി മൂന്ന് ഗ്ലാസ് വെള്ളത്തില്‍ നന്നായി പിഴിഞ്ഞ് മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് പാത്രത്തിലേക്കൊഴിച്ച് ചെറിയ ചൂടില്‍ തിളപ്പിക്കുക. തിളച്ചാല്‍ മത്തിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങയും നാലാമത്തെ ചേരുവകളും ഒരുമിച്ച് ചേര്‍ത്ത് തിരുമ്മുക. ഈ ചേരുവ മത്തി വെന്തുവരുമ്പോള്‍ അതിലേക്ക് ചേര്‍ത്തിളക്കി വറ്റിച്ചെടുക്കുക. മീന്‍ അവിയല്‍ തയ്യാര്‍.