തിരക്ക് പിടിച്ച ജീവിതത്തില്‍ വളരെ എളുപ്പം ചെയ്യാവുന്നൊരു കിടിലന്‍ മട്ടണ്‍ റെസിപ്പി പരിചയപ്പെടാം

ചേരുവകള്‍

 1. എല്ലോടു കൂടിയ ആട്ടിറച്ചി ചെറിയ കഷണങ്ങള്‍ ആയി മുറിച്ചത് - അര കിലോ.  
 2. മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍  
 3. കാശ്മീരി മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍  
 4. മല്ലിപ്പൊടി - മൂന്നു ടേബിള്‍ സ്പൂണ്‍ 
 5. ഇഞ്ചി - ചെറുതായി കൊത്തി അരിഞ്ഞത്  രണ്ടു ടേബിള്‍ സ്പൂണ്‍.  
 6. ഉപ്പു ആവശ്യത്തിന്.
 7. മട്ടന്‍ മസാല - രണ്ടു ടേബിള്‍ സ്പൂണ്‍
 8. ചതച്ച കുരുമുളക് - ഒരു ടേബിള്‍ സ്പൂണ്‍
 9. വെളിച്ചെണ്ണ- ആവശ്യത്തിന്  
 10. കറിവേപ്പില- ഒരുപിടി  
 11. തേങ്ങാ കൊത്ത് - രണ്ടു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ആട്ടിറച്ചി കഷ്ണങ്ങളില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വെക്കുക.  ഒരു ചീന ചട്ടിയില്‍ കാശ്മീരി മുളക് പൊടിയും മല്ലിപ്പൊടിയും പച്ച മണം മാറുന്നത് വരെ ചൂടാക്കിഎടുക്കുക.  ഇതേ പാത്രത്തിലേക്ക് ഇറച്ചി കഷ്ണങ്ങള്‍, കൊത്തിയരിഞ്ഞ ഇഞ്ചി, അഞ്ചു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്തു നന്നായി ഇളക്കി ചെറിയ തീയില്‍ മൂടി വച്ച് വേവിക്കുക. ആവശ്യമെങ്കില്‍ മാത്രം ഒരല്‍പം വെള്ളം തളിച്ച് കൊടുക്കുക.

എല്ലില്‍ നിന്നും മജ്ജ വരുന്നതാണ് വേവിന്റെ പാകം. മറ്റൊരു ചുവടു കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്തു മൂപ്പിച്ചെടുക്കുക. അതിലേക്കു മട്ടന്‍ മസാലയും ചതച്ച കുരുമുളകും കറിവേപ്പിലയും ഇട്ടു വഴറ്റുക. ഇതിലേക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് നന്നായി വഴറ്റി അടച്ചു  വച്ച് രണ്ടോ മൂന്നോ മിനുട് കൂടി വേവിച്ചു എടുക്കാം.

അല്‍പ്പം ഡ്രൈ ആയ ഈ ഐറ്റം അപ്പം, ചപ്പാത്തി, പൊറോട്ട, നാന്‍ എന്നിവയ്ക്ക് ചേരും. ചോറിനു സൈഡ് ഡിഷ് ആയും എടുക്കാം.

Content Highlight: bone mutton dishes