പാവയ്ക്ക കൊസംബരി (Photo: priya)
"കൊസംബരി" എന്നും "കിസ്മ്മൂരി" എന്നുമൊക്കെ പറയുന്ന ഈ വിഭവം കൊങ്കണി ഭക്ഷണങ്ങളിലെ പ്രധാനി ആണ്. ഒരു സാലഡ് പോലെ വിളമ്പുന്ന ഐറ്റം. പെട്ടെന്നുണ്ടാക്കാം എന്നു മാത്രല്ല അതീവ രുചികരവുമാണ്.
പലവിധ പച്ചക്കറികൾ കൊണ്ടും ഉണക്ക സ്രാവ് കൊണ്ടുമൊക്കെ കൊസംബരി ഉണ്ടാക്കും. അതിൽ ചേർക്കുന്ന അതാത് പച്ചക്കറിക്കനുസരിച്ചു രുചിയും മാറും. മിക്കവാറും എല്ലാ പച്ചക്കറികളും വറുത്ത് ചേർക്കും. ഉണക്ക സ്രാവ് ആണെങ്കിൽ കനലിൽ ചുട്ടാണ് ചേർക്കുക. അതിന്റെ രുചി ഒന്ന് വേറെ തന്നെ.
കൊസംബരിയുടെ അടിസ്ഥാന കൂട്ട്, തേങ്ങയും മല്ലിയും വറ്റൽ മുളകുമാണ്. ഇവയ്‌ക്കൊപ്പം സവാള ചെറുതായി അരിഞ്ഞു ചേർക്കും. പാകം ചെയ്യാറില്ല, പച്ചയ്ക്ക് ചേർക്കും. ചോറിനൊപ്പം അല്പം കൊസംബരി കൂടെയുണ്ടേൽ പിന്നൊന്നും നോക്കണ്ട.
പാവയ്ക്ക, കോവയ്ക്ക, ചേന, പച്ചക്കായ ഒക്കെയാണ് സാധാരണ കൊസംബരിയുണ്ടാക്കാണെടുക്കുന്ന പച്ചക്കറികൾ. ബീൻസ് ചേർക്കുന്നെങ്കിൽ വേവിച്ചാണ് ചേർക്കുക.
ഇവിടെ നൽകിയിരിക്കുന്നത് പാവയ്ക്ക കൊസംബരി / കിസ്സ്മ്മൂരി റെസിപ്പി ആണ്. പണ്ടൊക്കെ പാവയ്ക്ക വിളവെടുത്താൽ അധികം വന്ന പാവയ്ക്ക വെയിലത്തുണക്കി വറ്റലുണ്ടാക്കി സൂക്ഷിക്കുമല്ലോ. ഈ വറ്റൽ കൊണ്ടും കൊസംബരി ഉണ്ടാക്കും.
പാവയ്ക്ക കയ്പ്പെന്നും പറഞ്ഞു മാറ്റി നിർത്തുന്നവർ ഇത് ധൈര്യമായി കഴിച്ചു നോക്കാവുന്നണ്. വറുത്ത പാവയ്ക്കയുടെ രുചി ഒന്ന് വേറെ തന്നെ.
ചേരുവകൾ
പാവയ്ക്ക- 1 ഇടത്തരം
തേങ്ങ- 1 കപ്പ്
വറ്റൽ മുളക്- 6-8 വരെ
മല്ലി- 1 ടീസ്പൂൺ
വാളൻ പുളി- ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ
സവാള- 1 ഇടത്തരം
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 3-4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാവയ്ക്ക നേർത്ത് അരിഞ്ഞ് ഉപ്പു പുരട്ടി അല്പനേരം വെയ്ക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി വറ്റൽ മുളക് ചേർത്ത് ചെറുതീയിൽ വറുക്കുക. ശേഷം ഇത് എണ്ണയിൽ നിന്നും മാറ്റി എടുത്തു വെയ്ക്കുക. ഇതേ എണ്ണയിലേക്ക് തന്നെ പാവയ്ക്ക പിഴിഞ്ഞ് ചേർക്കുക. ചെറുതീയിൽ ഇടയ്ക്കിടെ ഇളക്കി നല്ല ബ്രൗൺ നിറമാകും വരെ പാവയ്ക്ക വറുക്കുക. വറുത്തു ക്രിസ്പ് ആയി വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുത്തു മാറ്റി വെയ്ക്കുക.
തേങ്ങാ, വറുത്ത വറ്റൽമുളക്, മല്ലി, വാളൻ പുളി എന്നിവ മിക്സിയിൽ തരുതരുപ്പായി പൊടിച്ചെടുക്കുക. വെള്ളം ചേർക്കരുത്. ഇനി താഴെ ചേർക്കുന്ന രണ്ടു രീതിയിൽ ഇത് തയ്യാറാക്കാം.
1. തേങ്ങ കൂട്ടിലേക്ക് നേരിട്ട് സവാള ചെറുതായി അരിഞ്ഞതും ഒരല്പം ഉപ്പും ചേർത്ത് കൈ കൊണ്ടു തന്നെ നന്നായി മിക്സ് ചെയ്യാം. വിളമ്പാൻ നേരം മാത്രം വറുത്ത് വെച്ച പാവയ്ക്ക ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. അതായത് ഇതിൽ കൂട്ട് പാകം ചെയ്യുന്നില്ല. എന്നാൽ കുറെ നേരമൊന്നും കേടാവാതെ നിൽക്കില്ല. ഉച്ചയൂണിന് തയ്യാറാക്കിയതാണെങ്കിൽ അപ്പോൾ തന്നെ തീർക്കാൻ ശ്രമിക്കുക.
2. അടുത്ത രീതിയിൽ തേങ്ങ കൂട്ട് ഒരല്പം ഉപ്പും ചേർത്ത്, അല്പം നേരം എണ്ണയിലിട്ട് വഴറ്റി മൂപ്പിച്ചെടുക്കുക. ശേഷം വാങ്ങി വെച്ചതിലേക്ക് സവാള അരിഞ്ഞതു ചേർത്ത് വെയ്ക്കുക. ശ്രദ്ധിക്കുക, ഇതിലും സവാള പാകം ചെയ്യില്ല. വിളമ്പാൻ നേരം മാത്രം പാവയ്ക്ക വറുത്തത് ചേർക്കുക.
രണ്ട് രീതിയിലും അതിന്റേതായ രുചി കാണും. ഫോട്ടോയിലുള്ളത് ആദ്യത്തെ രീതിയിൽ ചെയ്തതാണ്. ഇത് കുറെ നാൾ നിൽക്കുന്ന രീതിയിലുള്ള ചമ്മന്തിപ്പൊടി അല്ല എന്നതും കൂടെ ഓർമിപ്പിക്കുന്നു.
Content Highlights: konkani vasari, konkani food, pavakka kosambari recipe, konkani food recipe videos


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..