Representative Image | Photo: Canva.com
സദ്യയാണെങ്കിലും പൊറോട്ടയാണെങ്കിലും ചപ്പാത്തിയാണെങ്കിലും, പ്ലേറ്റിന്റെ കോണില്‍ കുറച്ച് അച്ചാറും കൂടി വയ്ക്കുന്നതാണ് ഇന്ത്യക്കാരുടെ രീതി. ഏത് വിഭവത്തിന്റേയും മൊത്തത്തിലുള്ള രുചി വര്‍ദ്ധിപ്പിക്കാനും അച്ചാറിന് സാധിക്കും. മാത്രമല്ല, എരിവും പുളിയും ചേര്‍ന്നുള്ള അവയുടെ രസകരമായ രുചി നമ്മുടെ രുചിമുകുളങ്ങളെ ഉദ്ദീപിക്കുകയും ചെയ്യും. മാങ്ങ, നാരങ്ങ, നെല്ലിക്ക മുതലായ സാധാരണ അച്ചാറുകള്‍ കഴിച്ച് മടുത്തെങ്കില്‍, വ്യത്യസ്തമായൊരു അച്ചാര്‍ ഉണ്ടാക്കാനുള്ള മൂഡുണ്ടെങ്കില്‍, ഒന്നും ആലോചിക്കാതെ താമരത്തണ്ട് അച്ചാര്‍ പരീക്ഷിക്കാം.
വളരെ ലളിതമായി ഉണ്ടാക്കിയെടുക്കാവുന്നതും നമ്മുടെ ദൈനംദിന ആഹാരപദാര്‍ഥങ്ങളോടൊപ്പം ചേര്‍ന്നുപോകുന്നതുമാണ് ഈ താമരത്തണ്ട് അച്ചാര്‍. അധികം ആളുകള്‍ക്കറിയില്ലെങ്കിലും, താമരയുടെ തണ്ട് ഭക്ഷ്യയോഗ്യമായ ഒന്നാണ്. കറികളില്‍ ചേര്‍ക്കാനും സാലഡുണ്ടാക്കാനുമെല്ലാം ഇതുപയോഗിക്കാറുണ്ട്. ചോറിനോടൊപ്പം എരിവ് വേണ്ടവര്‍ക്ക് പറ്റിയ അച്ചാറാണിത്. നല്ല സ്വാദ് നല്‍കുന്നതിന് പുറമേ, തികച്ചും ആരോഗ്യപ്രദവുമാണ് ഈ വിഭവം.
തയ്യാറാക്കുന്ന വിധം
ആദ്യമായി താമരയുടെ തണ്ട് നല്ലതുപോലെ വെള്ളമൊഴിച്ച് കഴുകുക. ശേഷം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഒരു പാനില്‍ ലേശം വെള്ളമൊഴിച്ച് ചൂടാക്കാന്‍വെച്ചശേഷം അരിഞ്ഞുവെച്ച തണ്ട് അതിലേക്കിട്ട് തിളപ്പിക്കണം. നാലഞ്ച് മിനിട്ട തിളച്ചുകഴിഞ്ഞാല്‍ വെള്ളമൊഴിച്ചുളഞ്ഞ് മാറ്റിവെയ്ക്കണം. വേവിച്ചെടുത്ത ഈ കഷ്ണങ്ങള്‍ പിന്നീട് ഒരു തുണിയിലേക്ക് മാറ്റി അല്പം പോലും ഈര്‍പ്പമില്ലാതെ വെയ്ക്കണം.
ഇനി മസാല തയ്യാറാക്കാം. ഇതിനായി അല്പം അയമോദകം, കുരുമുളക്, തക്കോലം എന്നിവ മിക്‌സര്‍ ഗ്രൈന്‍ഡറിലിട്ട് നന്നായി പൊടിച്ചെടുക്കുക. പാന്‍ ചെറിയ ഫ്‌ളേമില്‍ വെച്ച് എണ്ണ ചൂടാക്കിയ ശേഷം മിച്ചമുള്ള അയമോദകവും തക്കോലവും അല്പം കായവും ഇട്ട് നന്നായി വറുത്തെടുക്കണം. പിന്നീട്, ഫ്‌ളെയിം ഓഫാക്കിയ ശേഷം വേവിച്ച താമരത്തണ്ടുകളും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കണം. നന്നായി തണുത്ത ശേഷം അല്പം നാരങ്ങാനീരും ചേര്‍ത്ത് വായുസഞ്ചാരമില്ലാത്ത കണ്ടെയ്‌നറില്‍ അച്ചാര്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. താമരത്തണ്ടുകൊണ്ട് തയ്യാറാക്കിയ ഈ അച്ചാര്‍ ഇനി ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്.
ആരോഗ്യത്തിന് നല്ലതോ?
താമരയുടെ തണ്ടിലടങ്ങിയ നാരും പൊട്ടാസ്യവും തികച്ചും ആരോഗ്യപ്രദമാണ്. മാത്രമല്ല, ഈ അച്ചാര്‍ നമ്മുടെ ദഹനം സുഗമമാക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യും. അച്ചാറിലുപയോഗിക്കുന്ന എണ്ണയുടേയും ഉപ്പിന്റേയും അളവ് പരമാവധി കുറയ്ക്കുന്നത് മറ്റാരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യും.
Content Highlights: how to make spicy lotus stem pickle and it's health benefits
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..