എഗ്ഗ് റോസ്റ്റ് ദാൽ ദോശ (Photo: Sreejith P. Raj)
ദോശയേക്കുറിച്ചു പറയുമ്പോള്‍ ആയിരം നാവുമായെത്തുന്നവര് ഒരുപാടുണ്ട്. പലരുടേയും ദോശപ്രേമം കണക്കിലെടുത്തുതന്നെ ദിനംപ്രതി പല വെറൈറ്റിയിലുള്ള ദോശകളും ഉണ്ടാകുന്നുണ്ട്. വ്യത്യസ്തമായ ദോശ കഴിക്കാന്‍ ഹോട്ടലില്‍ തന്നെ പോകണമെന്നുണ്ടോ? വീട്ടില്‍ തന്നെ ഒരു എഗ്ഗ് റോസ്റ്റ് ദാല്‍ ദോശ തയ്യാറാക്കിയാലോ?
ചേരുവകള്‍
- മഞ്ഞ തുവരപ്പരിപ്പ് - ഒരു കപ്പ്
- ഇഡ്ഡലി അരി - ഒരു കപ്പ്
- ഉലുവ - ഒരു ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- പുഴുങ്ങിയ മുട്ട - ആറ്
- എണ്ണ - മൂന്ന് ടീസ്പൂണ്‍
- ഉലുവ - അര ടീസ്പൂണ്‍
- കടുക് - അര ടീസ്പൂണ്‍
- സവാള അരിഞ്ഞത് - രണ്ട്
- വെളുത്തുള്ളി നുറുക്കിയത് - ആറ്
- ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ കഷണം
- പച്ചമുളക് നുറുക്കിയത് - രണ്ട്
- കറിവേപ്പില - ഒരു കതിര്‍പ്പ്
- തക്കാളി നുറുക്കിയത് - ആറ്
- ഗരംമസാല - ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
- മല്ലിപ്പൊടി - രണ്ട് ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
തുവരപ്പരിപ്പ് നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. എന്നിട്ട് മയത്തില്‍ അരച്ചെടുത്ത് എട്ട് മണിക്കൂര്‍ വെക്കുക.
ഇനി എഗ്ഗ് റോസ്റ്റ് തയ്യാറാക്കാം. അതിനായി മുളകുപൊടിയും ഉപ്പും യോജിപ്പിച്ച് മുറിച്ച മുട്ടയില്‍ പുരട്ടി മാറ്റിവെക്കുക. കടായിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കാം. അതിലേക്ക് ഉലുവയും കറിവേപ്പിലയുമിട്ട് അര മിനിട്ട് വഴറ്റാം. ശേഷം പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, സവാള എന്നിവയിട്ട് നന്നായി വഴറ്റാം. ശേഷം തക്കാളി, ഗരംമസാല, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കണം. പിന്നീട് മുട്ട ചേർക്കുക. എന്നിട്ട് നന്നായിളക്കി മിതമായ തീയില്‍ വേവിച്ച് മാറ്റിവെക്കാം.
തവ ചൂടാകുമ്പോള്‍ തുവരപ്പരിപ്പ് മാവൊഴിച്ച് പരത്തുക. അതില്‍ അല്പം നെയ്യ് തൂവി ഗോള്‍ഡന്‍ ബ്രൗണ്‍നിറത്തില്‍ ദോശ തയ്യാറാക്കുക. എന്നിട്ട് മറിച്ചിടാം. മറുഭാഗവും വെന്തുകഴിഞ്ഞാല്‍ ദോശയുടെ ഒരു പകുതിയില്‍ എഗ്ഗ് റോസ്റ്റിടുക. എന്നിട്ട് മറുഭാഗം കൊണ്ട് മൂടുക. തേങ്ങാചട്ണിക്കൊപ്പം കഴിക്കാം.
Content Highlights: breakfast recipe, egg roast dhal dosa, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..