പ്രതീകാത്മക ചിത്രം (Photo: Sidheekul Akber)
കോവിഡ് വ്യാപനത്തോടെ ആരോഗ്യവും പോഷകം നിറഞ്ഞ ഭക്ഷണവുമെല്ലാം വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളായി മാറിയിരിക്കുന്നു. വിശപ്പടക്കുക എന്നതുമാത്രമല്ല ഭക്ഷണത്തിന്റെ ധര്‍മമെന്നും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ഭൂരിഭാഗം പേരും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന് മുമ്പ് ഓരോ വര്‍ഷവും ലോകത്തില്‍ ദാരിദ്ര്യം കുറഞ്ഞുവരികയായിരുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, കോവിഡ് ലോകരാജ്യങ്ങളില്‍ പിടിമുറുക്കിയതോടെ ഇതില്‍ വലിയതോതിലുള്ള വ്യത്യാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തില്‍ 81.1 കോടി ആളുകള്‍ വിശപ്പ് അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം, കാലാവസ്ഥാ മാറ്റം, സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം ലോകത്ത് വിശപ്പും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ആളുകളുടെ എണ്ണവും വര്‍ധിപ്പിച്ചതായി കണക്കുകളില്‍ വ്യക്തമാക്കുന്നു.
ദിവസം ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്ന് അടുത്തിടെ പുറത്തുവന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2021-ല്‍ മാത്രം 50 രാജ്യങ്ങളില്‍ നിന്നായി 19.3 കോടി ആളുകളാണ് ഭക്ഷ്യപ്രതിസന്ധി നേരിട്ടത്. തൊട്ടുമുമ്പിലത്തെ വര്‍ഷത്തേക്കാള്‍ നാലുകോടിപ്പേരുടെ വര്‍ധനയുണ്ടായി. റഷ്യ,-യുക്രൈന്‍ സംഘര്‍ഷം ഇതിന് ആക്കം കൂട്ടുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
ഈ സാഹചര്യത്തിലാണ് പോഷകാഹാരദിനത്തിന്റെ പ്രസക്തി അടങ്ങിയിരിക്കുന്നത്. മേയ് 28-നാണ് ലോകമെമ്പാടും പോഷകാഹാരദിനം ആചരിക്കുന്നത്.
നല്ല പോഷകാഹാരത്തിന്റെ പ്രധാന്യം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ലോക പോഷകാഹാരദിനം കൊണ്ട് ലക്ഷ്യമിടുന്നത്. ലോകത്ത് 300 കോടിയാളുകള്‍ക്ക് ആരോഗ്യപ്രദമായ ആഹാരക്രമം പിന്തുടരാന്‍ കഴിയുന്നില്ലെന്നും 768 മില്ല്യണ്‍ ആളുകള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആരോഗ്യപ്രദവും പോഷകങ്ങള്‍ നിറഞ്ഞതുമായ ആഹാരക്രമം ഉറപ്പുവരുത്തുക വഴി 2030 ആകുമ്പോഴേക്കും ആരോഗ്യമേഖലയിലെ ചെലവ് 97 ശതമാനവും കുറയ്ക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..