വെജിറ്റേറിയനായ യുവതിക്ക് നോണ്‍ വെജിറ്റേറിയന്‍ പിസ നല്‍കിയതിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം തേടി യുവതി.ഡല്‍ഹി സ്വദേശിനി ദീപാലി ത്യാഗിയാണ് കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.അമേരിക്കന്‍ പിസ ശൃംഖലയ്ക്ക് എതിരെയാണ് കേസ്. 2019 മാര്‍ച്ച് 21 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.  വെജിറ്റേറിയന്‍ പിസ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നോണ്‍വെജിറ്റേറിയന്‍ ലഭിച്ചുവെന്നും അത് കഴിച്ച ശേഷമാണ് മനസിലായതെന്നും യുവതി പറയുന്നു.
 
പരാതി കേട്ട പിസ ഔട്ട്‌ലെറ്റ് അധികൃതര്‍ ക്ഷമ ചോദിക്കുകയും മുഴുവന്‍ കുടുംബത്തിനും സൗജന്യമായി വെജിറ്റേറിയന്‍ പിസ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി. എന്നാല്‍ ഇവരുടെ പ്രവര്‍ത്തി തന്റെ മതത്തിന്റെ ആചാരത്തെ ലംഘിക്കുന്നതിന് കാരണമായെന്നും അതിനാല്‍ തന്നെ കേസുമായി മുന്നോട്ട് പോവുന്നുവെന്നുമാണ് യുവതി പറയുന്നത്. മാംസ ഭക്ഷണം കഴിച്ചതിന്റെ ദോഷം തീര്‍ക്കാന്‍ നിരവധി പൂജകള്‍ ചെയ്യേണ്ടി വന്നുവെന്നും അതിന് ലക്ഷങ്ങള്‍ ചിലവായെന്നും യുവതി ആരോപിക്കുന്നു.
 
സാമ്പത്തിക നഷ്ടവും മാനസിക വിഷമതകളും ഉണ്ടാക്കിയതിനാല്‍ യുവതി ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കയാണ്. ഡല്‍ഹി ജില്ലാ കണ്‍സ്യൂമര്‍ കോടതി കമ്പനിയോട് മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്. മാര്‍ച്ച് 17നാണ് അടുത്ത ഹിയറിങ്ങ്.
 
Content Highlights: woman has approached the consumer court complaining that pizza restaurant delivered her a non-vegetarian pizza