പ്രതീകാത്മക ചിത്രം | Photo: A.F.P
ന്യൂഡല്‍ഹി: രാജ്യത്തെ ഗോതമ്പുശേഖരം മൂന്നുവര്‍ഷത്തെ താഴ്ചയിലെത്തിയതിനു പിന്നാലെ ആട്ടയും മൈദയും റവയും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതിനിയന്ത്രണം ഏര്‍പ്പെടുത്തി.
ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍(എഫ്.സി.ഐ.) ശേഖരം വന്‍തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്ന് മേയ് 13-ന് ഗോതമ്പുകയറ്റുമതി നിരോധിച്ചിരുന്നു. പൊതുവിതരണ കേന്ദ്രങ്ങളിലൂടെയുള്ള സൗജന്യവിതരണം കൂടിയതും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ഉത്പാദനം ഇടിഞ്ഞതും നിയന്ത്രണങ്ങള്‍ക്ക് കാരണമായതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ ധാന്യശേഖരം 15 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കയാണെന്നും പ്രതിശീര്‍ഷ ശേഖരം 50 വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ധാന്യപ്രതിസന്ധിയുടെ നിജസ്ഥിതി രാജ്യത്തെ അറിയിക്കാന്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിങ് ഹൂഡ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജൂണ്‍ അവസാനംവരെ 3.11 കോടി ടണ്‍ ഗോതമ്പാണ് എഫ്.സി.ഐ. ശേഖരത്തിലുള്ളത്. 2019, 2020, 2021 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 3.78, 3.67, 3.51 കോടി ടണ്‍ എന്ന കണക്കിലായിരുന്നു. എങ്കിലും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട 76 ലക്ഷം ടണ്‍ ശേഖരത്തെക്കാള്‍ കൂടുതലാണിപ്പോഴുള്ളതെന്നും ഭയക്കേണ്ട സ്ഥിതിയില്ലെന്നും എഫ്.സി.ഐ. വൃത്തങ്ങള്‍ പറഞ്ഞു.
യുക്രൈന് യുദ്ധം തുടങ്ങിയതിനുപിന്നാലെ അന്താരാഷ്ട്രതലത്തില്‍ ഗോതമ്പുള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്ക് വന്‍തോതില്‍ വില ഉയര്‍ന്നിരുന്നു. ക്വിന്റലിന് അന്താരാഷ്ട്ര വിപണിയില്‍ 3500 രൂപയിലെത്തിയപ്പോള് ഇന്ത്യയിലെ തറവില 2000 രൂപയായിരുന്നു. ഇതുകാരണം, കര്‍ഷകര്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഗോതമ്പ് നല്‍കിയതോടെ സംഭരണം കുത്തനെ കുറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..