ഗെറ്റോ ഗ്യാസ്ട്രോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം | Photo: instagram.com/ghettogastro/
കാത്തിരിപ്പിന് വിരാമമിട്ട് 94-ാമത് ഓസ്കര് പുരസ്കാരങ്ങള്‍ ഹോളിവുഡിലുള്ള ഡോള്‍ബി തിയേറ്ററില്‍ നടന്ന ചടങ്ങില്‍വെച്ച് മാര്‍ച്ച് 28-ന് പ്രഖ്യാപിച്ചു. ഫാഷന്‍, ഭക്ഷണം, സംഗീതം, കല, ഡിസൈനിങ് എന്നിവയുടെ കൂടി സംഗമമാണ് ഓസ്കര് പുരസ്കാര വേദി. പുരസ്കാരദാനച്ചടങ്ങിന് ശേഷം അതിഥികള്‍ക്കായി ഒരുക്കുന്ന പാര്‍ട്ടിയും വിഭവങ്ങളും ഏറെ ശ്രദ്ധേയമാണ്.
പ്രമുഖ ഷെഫ് വോള്‍ഫ്ഗ്യാങ് പക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വോള്‍ഫ്ഗ്യാങ് പക്ക് കാറ്റിങ്ങുമാണ് വര്‍ഷങ്ങളായി ഓസ്കര് പുരസ്കാരച്ചടങ്ങില്‍ എത്തുന്നവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുന്നത്. എന്നാല്‍, ഇത്തവണത്തെ പാര്‍ട്ടിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ന്യൂയോര്‍ക്ക് സിറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഗെറ്റോ ഗ്യാസ്ട്രോ എന്ന സ്ഥാപനവും വോള്ഫ്ഗ്യാങ്ങിനൊപ്പം ചേര്‍ന്നു.
ആഫ്രിക്കന്‍ രുചി കൂടി മെനുവില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റമെന്നതാണ് സംഘാടകര്‍ വ്യക്തമാക്കി. ഗെറ്റോ ഗ്യാസ്ട്രോയുടെ അസാധാരണമായ കഴിവുകള്‍ തീന്മേശയിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശത്തിലാണ്. വോള്‍ഫ്ഗാങ്ങും ഗെറ്റോ ഗ്യാസ്ട്രോയും ചേര്‍ന്ന് ഓസ്കര് പുരസ്കാരത്തിന് എത്തുന്ന അതിഥികള്‍ക്ക് പ്രചോദനാത്മകമായ പാചക അനുഭവം നല്‍കുമെന്ന് അക്കാദമി ഗവര്‍ണറും പുരസ്കാര സമിതി ചെയര്‍മാനുമായ ജെന്നിഫര്‍ ടോഡ് പറഞ്ഞിരുന്നു.
ട്യൂണ, സാല്മോന് എന്നീ മത്സ്യ വിഭവങ്ങള്‍ ഇത്തവണ മെനുപട്ടികയില് ഇടം നേടി. ചിക്കന്‍ വറുത്തതിനൊപ്പം ആന്സെസ്റ്ററല് റൂട്സ് വാഫള്സ്, ഞണ്ട് വിഭവം, ക്രിസ്പി കോക്കനട്ട് റൈസ്, കടല, ഏത്തപ്പഴം പൊരിച്ചെടുത്തത് എന്നിവയെല്ലാം അതിഥികള്‍ക്കായി തീന്മേശയില് ഒരുക്കിയിരുന്നു.
ചോക്കലേറ്റ്, വിവിധ പഴങ്ങള്‍ എന്നിവ കൊണ്ടുള്ള ഡെസേര്‍ട്ടുകളും ഉണ്ടായിരുന്നതായി ദ പീപ്പിള്‍ മാഗസിന് റിപ്പോര്‍ട്ടു ചെയ്തു. ഇത് കൂടാതെ, ഷാംപെയ്ന്‍, വൈന്‍ തുടങ്ങി വ്യത്യസ്തമായ പാനീയങ്ങളും അതിഥികള്‍ക്കായി തയ്യാറാക്കിയിരുന്നു.
Content Highlights: oscar award, post party at oscar, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..