തൃശ്ശൂര്‍: നന്നായി വിശന്നിരിക്കുമ്പോള്‍ തൂശനിലയിലൊരു ചൂടന്‍ കോഴിബിരിയാണി കിട്ടിയാലെങ്ങനെയിരിക്കും. കോഴിബിരിയാണിയും മറ്റു വിഭവങ്ങളും തൂശനിലയും അടങ്ങുന്ന ബിരിയാണിസദ്യ ആവശ്യക്കാരുടെ വീട്ടിലെത്തിക്കാന്‍ ഒരുങ്ങുകയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍.
ജയിലില്‍ ഉണ്ടാക്കുന്ന ചപ്പാത്തിയുടെയും കറികളുടെയും പലഹാരങ്ങളുടെയും ചുവടുപിടിച്ചാണ് ബിരിയാണിസദ്യയും എത്തുന്നത്. എന്നാല്‍, ജയില്‍കവാടത്തിലെ കൗണ്ടറിലോ വിപണനവണ്ടിയിലോ ഇത് കിട്ടില്ല. ഓണ്‍ലൈന്‍ ഭക്ഷണവിതരണ സൈറ്റിലൂടെ മാത്രമേ ലഭിക്കൂ. ഇലയിലൊരു ഓണ്‍ലൈന്‍ ബിരിയാണി എന്ന പരിപാടി രാജ്യത്തുതന്നെ ആദ്യമായിരിക്കും.
പൊരിച്ച കോഴിക്കാലുള്ള 300 ഗ്രാം ബിരിയാണി മാത്രമല്ല ഫ്രീഡം കോമ്പോ ലഞ്ച് എന്ന ബിരിയാണിസദ്യയിലെ ഇനം. മൂന്ന് ചപ്പാത്തി, ചിക്കന്‍കറി, ഒരു ലിറ്റര്‍ കുപ്പിവെള്ളം, ഒരു കപ്പ് കേക്ക്, സലാഡ്, അച്ചാര്‍ എന്നിവ കിട്ടും. ഒപ്പം തൂശനിലയും. എല്ലാത്തിനുംകൂടി വില 127 രൂപ. ഇത് കൂടുതലാണെന്നു തോന്നിയാല്‍ കുപ്പിവെള്ളം േവണ്ടെന്നുവെയ്ക്കാം. പത്തുരൂപ കുറഞ്ഞുകിട്ടും.
പദ്ധതി ഔദ്യോഗിക ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ്. വ്യാഴാഴ്ച ബിരിയാണി കിട്ടിത്തുടങ്ങുമെന്നാണ് സൂചന. വിപണനത്തിന് ഓണ്‍ലൈന്‍ സൈറ്റുമായി ധാരണയിലെത്തിയിട്ടുണ്ട്.
Content Highlights: viyyur central jail biriyani sadya, thrissur home delivery available, chicken biryani, food items