പ്രതീകാത്മക ചിത്രം (Photo: Maneesh Chemanchery)
കൊച്ചി: അനുദിനം കുതിക്കുന്ന സാധനവിലകൊണ്ട് വിഷുസദ്യ വെള്ളത്തിലാകുമോയെന്ന ആശങ്കയാണ് എങ്ങും. വിഷുപ്പടക്കങ്ങള്‍ പൊട്ടുംമുന്നേ റോക്കറ്റ് പോലെ കുതിക്കുന്നു ഇന്ധനവില. യുക്രൈനിലാണ് റഷ്യ നിരത്തി ബോംബിടുന്നതെങ്കിലും അതു വീണുള്ള പരിക്ക് മലയാളികള്‍ക്കുമുണ്ടെന്ന് ഒരാള്‍. കോവിഡ് കാലത്തെ കിറ്റ് വിതരണം ഇപ്പോള്‍ നിന്നെങ്കിലും വിഷുവിന് കിറ്റാണ് കാറ്ററിങ് രംഗത്തെ താരം. നാലും അഞ്ചും പേരടങ്ങുന്ന കുടുംബത്തിനുള്ള കിറ്റുകളാണ് മിക്ക കാറ്ററിങ്ങുകാരും തയ്യാറാക്കുന്നത്. സദ്യയുടെ സ്‌പെഷ്യല്‍ കറികള്‍ മാത്രം നല്‍കുന്നവരുമുണ്ട്.
ഫോണില്‍ ഒന്ന് വിരലമര്‍ത്തിയാല്‍ മതി, വിഷുദിനത്തില്‍ കുടുംബത്തിനുള്ള സദ്യ റെഡി. പലരും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വിലയെത്ര എന്നതാണ് വിഷയം. പുതിയ കാലത്തില്‍ മഹാനഗരത്തിലെ വിഷുസദ്യയ്ക്ക് സ്വകാര്യ കേറ്ററിങ്ങുകളും എറണാകുളം കരയോഗവുമൊക്കെ ഒരുക്കങ്ങള്‍ അതിവേഗം നടത്തുന്നുണ്ട്. ഇല അടക്കമാണ് പലരും നല്‍കുന്നത്. നാലുപ്പേരി, ശര്‍ക്കരവരട്ടി, നാരങ്ങ അച്ചാര്‍, മാങ്ങ അച്ചാര്‍, പുളിയിഞ്ചി, തോരന്‍, പച്ചടി, അവിയല്‍, കൂട്ടുകറി, കാളന്‍, സാമ്പാര്‍, രസം, തൈര്, പപ്പടം, കൊണ്ടാട്ടം, പഴം, ശര്‍ക്കരപ്പായസം, പാലട... എന്നിങ്ങനെ പോകുന്നു വിഭവങ്ങളുടെ നിര. നാലുപേരുടെ കിറ്റിന് 1,100 രൂപയാണ് ശരാശരി നിരക്ക്.
അടച്ചിടല്‍കാലത്ത് ആകെയുണ്ടായിരുന്ന ആശ്വാസം ടി.വി.യും പാചകപരീക്ഷണങ്ങളും ഹാസ്യപരിപാടികളുമായിരുന്നു, ഒപ്പം വീട്ടു പടിക്കലെത്തുന്ന ഭക്ഷണവും. അത് വിശേഷാവസരങ്ങളില്‍ ഒരു ശീലമായിത്തീരാനും മഹാമാരി കാരണമായിട്ടുണ്ട്. കോവിഡിന്റെ ഇരുട്ട് മാറിയെങ്കിലും പുറത്തുനിന്ന് ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന ശീലം പലരും തുടരുന്നുമുണ്ട്.
പച്ചക്കറിവിലയില്‍ അല്പം ആശ്വാസം
ഇടയ്ക്കിടെ ഞെട്ടിക്കുന്ന പച്ചക്കറിവില ഇപ്പോള്‍ സാധാരണനിലയായത് വിഷുക്കാലത്ത് ആശ്വാസമായി. '400 രൂപ വരെ കയറിയ മുരിങ്ങക്കായ വില ഇപ്പോള്‍ 35-ലെത്തി. പക്ഷേ, മറ്റുള്ള സാധനങ്ങളുടെ കാര്യം അങ്ങനെയല്ല.''
- സുനില്‍ തമ്പാന്‍ പൂര്‍ണശ്രീ കാറ്ററിങ് എം.ഡി.
ശ്രമം വിലയക്കയറ്റം ബാധിക്കാതിരിക്കാന്‍
വിലക്കയറ്റം നോക്കിയാല്‍ നിരക്ക് കൂടേണ്ടതാണെങ്കിലും വിഷുവിനെ അത് ബാധിക്കാതിരിക്കാന്‍ പരമാവധി നോക്കുന്നുണ്ട്. വാണിജ്യാവശ്യത്തിനുള്ള എല്‍.പി.ജി. യുടെ വില 2020-ല്‍ 1,100 ആയിരുന്നു. ഇന്നത് 2,300 രൂപയാണ്. ''കുത്തനെ കൂടിയ പച്ചക്കറി വില ഏറക്കുറെ സാധാരണ നിലയിലായതാണ് ആശ്വാസം''.
- മനോജ് വിജയലക്ഷ്മി കേറ്ററിങ് പ്രൊപ്പറൈറ്റര്‍
നികുതി കൂട്ടിയത് തിരിച്ചടി
എല്ലാ പാക്കിങ് സാമഗ്രികള്‍ക്കും ഇപ്പോള്‍ അഞ്ചു ശതമാനം നികുതി കൂട്ടിയത് തിരിച്ചടിയാണ്. പക്ഷേ, കഴിഞ്ഞതവണത്തെ വിലതന്നെയാണ് ഈടാക്കുന്നത്.
- പി. രാമചന്ദ്രന്‍ എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി
Content Highlights: vishu sadya, inflation, prebooking for sadya, catering services, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..