ബിസ്കറ്റും മിഠായികളും ചോക്ലേറ്റുമൊക്കെ എപ്പോഴും തിന്ന് കുട്ടികളുടെ പല്ലും ആരോഗ്യവുമൊക്കെ കേടാകാതിരിക്കാൻ അമ്മമാർ പലപ്പോഴും ഇവയൊക്കെ ഒളിപ്പിച്ചു വയ്ക്കാറുണ്ട്. അല്ലെങ്കിൽ കുട്ടികളുടെ കൈ എത്താത്ത ഇടത്താവും വയ്ക്കുക. എന്തൊക്കെയായാലും ഇവയൊക്കെ തിരഞ്ഞ് കണ്ടെത്തി ശാപ്പിടുന്ന വിരുതൻമാരും ഉണ്ട്. അമ്മ ഒളിപ്പിച്ചു വച്ച കുക്കീസ് പായ്ക്കറ്റ് എടുക്കാൻ ഫ്രിഡ്ജിന് മുകളിൽ കയറുന്ന മൂന്നു വയസ്സുകാരിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അമ്മ തന്നെയാണ് ടിക്ടോക്കിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മകൾക്ക് കൈ എത്താതിരിക്കാൻ നല്ല ഉയരമുള്ള റഫ്രിജറേറ്ററിന് മുകളിലുള്ള ഒരു അലമാരയിലാണ് അമ്മ കുക്കീസ് സൂക്ഷിച്ചത്. എന്നാൽ കുക്കീസ് ഇരിക്കുന്നത് എവിടെയെന്ന് കണ്ടെത്തിയ പെൺകുട്ടി ഫ്രിഡ്ജിന് മുകളിൽ വലിഞ്ഞു കയറി കുക്കി കൈക്കലാക്കുന്നതാണ് വീഡിയോ.

രണ്ട് വാതിലുകളുള്ള ഫ്രിഡ്ജിന്റെ ഹാൻഡിലിൽ പിടിച്ചാണ് പെൺകുട്ടി ഫ്രിഡ്ജിന് മുകളിലേയ്ക്ക് കയറുന്നത്. തുടർന്ന് ഒരു കാൽ ഡോറിലും മറ്റൊരു കാൽ ഐസ് ഡിസ്പെൻസറിലും ചവിട്ടി എഴുന്നേറ്റ് നിന്ന ശേഷം അലമാര തുറന്ന് കുക്കിയെടുക്കുന്നതും തുടർന്ന് അലമാര അടച്ച് എളുപ്പത്തിൽ താഴേയ്ക്ക് ഊർന്ന് ഇറങ്ങുന്നതും വീഡിയോയിൽ കാണാം.

ടിക്ക്ടോക്കിൽ ഏഴ് ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. കുട്ടി വാട്ടർ ഡിസ്പെൻസറിൽ ചവിട്ടുന്നതുകൊണ്ട് ശുചിത്വത്തെ പറ്റിയാണ് പലരുടെയും കമന്റുകൾ. ചിലർ കുട്ടിയുടെ സുരക്ഷയിൽ ആശങ്കപ്പെടുന്നുണ്ട്. എന്നാൽ പെൺകുട്ടി മിടുക്കിയാണെന്നാണ് മിക്കവരുടെയും അഭിപ്രായം.

Content Highlights:Viral Video Of Kid Climbing Up Fridge For A Cookie