രാംകുമാർ നായർ
യു.എസിലും യൂറോപ്പിലും മാംസാഹാരപ്രിയര്‍ ആരോഗ്യബോധത്തോടെ സസ്യാഹാരത്തിലേക്ക് നീങ്ങുന്ന പ്രവണത കൂടിയതോടെ മാംസത്തിന് പ്രകൃതിദത്ത ബദലുമായി സ്വീഡനില്‍ ഒരു മലയാളി സ്റ്റാര്‍ട്ടപ്പ്. ചേര്‍ത്തല കുത്തിയതോട് സ്വദേശി രാംകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള 'മൈക്കോറീന' (mycorena.com) എന്ന ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പാണ് ആരോഗ്യത്തിന് ഗുണകരമായ 'വെജിറ്റേറിയന്‍ മാംസം' വികസിപ്പിക്കുന്നത്.
2017-ല്‍ തുടങ്ങിയ ഈ സ്റ്റാര്‍ട്ടപ്പ് ഇതിനോടകം നേടിയത് 3.50 കോടി യൂറോയുടെ മൂലധന ഫണ്ടിങ് ആണ്. അതായത്, ഏതാണ്ട് 300 കോടി രൂപ. ഇതില്‍ 200 കോടി രൂപയും 'സീരീസ് എ ഫണ്ടിങ് റൗണ്ടി'ലൂടെ കഴിഞ്ഞമാസമാണ് നേടിയത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഒരു ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പ് നേടുന്ന ഏറ്റവും ഉയര്‍ന്ന ഫണ്ടിങ്ങാണിത്.
ഒരുതരം കൂണുകളില്‍ നിന്നാണ് ഇറച്ചിക്ക് സമാനമായ 'വെജിറ്റേറിയന്‍ പ്രോട്ടീന്‍' കമ്പനി വികസിപ്പിച്ചിരിക്കുന്നത്. ഇത് വന്‍തോതില്‍ വാണിജ്യവത്കരിക്കാനാണ് പുതുതായി സമാഹരിച്ച തുക വിനിയോഗിക്കുകയെന്ന് 'മൈക്കോറീന'യുടെ സ്ഥാപകനും സി.ഇ.ഒ.യുമായ രാംകുമാര്‍ നായര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.
സ്വന്തം ഉത്പാദനയൂണിറ്റില്‍ത്തന്നെ കൂണുകള്‍ കൃഷി ചെയ്ത് സംസ്‌കരിച്ചാണ് 'പ്രൊമിക് ' എന്ന പേരിലുള്ള 'വെജ് പ്രോട്ടീന്‍' കമ്പനി ഉത്പാദിപ്പിക്കുന്നത്. ബെര്‍ഗര്‍ പോലുള്ള ഫാസ്റ്റ് ഫുഡ് ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് അസംസ്‌കൃതവസ്തുവായാണ് ഇവ വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുപ്പതോളം ഉത്പന്നങ്ങളും പത്ത് പേറ്റന്റുകളും കമ്പനിക്ക് സ്വന്തമായുണ്ട്. ഈ രംഗത്തെ ഏറ്റവും വലിയ ഉത്പാദന യൂണിറ്റ് അടുത്തവര്‍ഷം സജ്ജമാകും. തുടക്കത്തില്‍ പ്രതിവര്‍ഷം 5,000 ടണ്ണായിരിക്കും ശേഷി.
ഒരു ലക്ഷം കോടി യൂറോ (ഏതാണ്ട് 83 ലക്ഷം കോടി രൂപ)യുടേതാണ് ആഗോള മാംസവിപണി. ഇതിന്റെ 1.50 ശതമാനം മാത്രമേ ഇപ്പോള്‍ 'വെജ് പ്രോട്ടീന്‍' മേഖലയിലേക്ക് നീങ്ങിയിട്ടുള്ളൂ. 2030-ഓടെ ഇത് 15 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ആ വിപണിയാണ് മൈക്കോറീന ഉള്‍പ്പെടെയുള്ള പുതുസംരംഭങ്ങള്‍ ലക്ഷ്യമിടുന്നത്.
വാരിക്കാട്ട് ബാലചന്ദ്രന്‍ നായരുടെയും കൊക്കേരിയില്‍ രാജലക്ഷ്മിയുടെയും മകനായ രാംകുമാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയശേഷമാണ് സ്വീഡനിലേക്ക് വിമാനംകയറിയത്. ഇന്‍ഡസ്ട്രിയല്‍ ബയോടെക്നോളജിയില്‍ പിഎച്ച്.ഡി. നേടുകയായിരുന്നു ലക്ഷ്യം. അവിടെ, ഗോതെന്‍ബര്‍ഗ് സര്‍വകലാശാലയില്‍ ഗവേഷണത്തിന്റെ ഭാഗമായി വികസിപ്പിച്ച പദ്ധതിയാണ് പിന്നീട് സ്റ്റാര്‍ട്ടപ്പായി വളര്‍ത്തിയത്. പാലക്കാട് സ്വദേശി രഞ്ജിത രാജഗോപാലാണ് ഭാര്യ.
Content Highlights: food startup, vegetarian meat, food, keralite's startup, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..