പ്രതീകാത്മക ചിത്രം (Photo: Ridhin Damu)
കൊച്ചി: പച്ചക്കറിവില കുതിച്ചുയര്‍ന്നതോടെ സാമ്പാര്‍ ഉള്‍പ്പെടെ മലയാളിയുടെ ഇഷ്ടവിഭവങ്ങള്‍ക്ക് ഇനി കൂടുതല്‍ പണമിറക്കേണ്ടി വരും. ഒരു കിലോ ചെറിയ ഉള്ളിക്കും മുരിങ്ങാക്കായയ്ക്കും കൊടുക്കണം 90 രൂപ. കാരറ്റിന് 80 രൂപയാണ് വില. ബീറ്റ്റൂട്ടിന് കിലോയ്ക്ക് 65 രൂപയും പച്ചമുളകിന് 60 രൂപയും നല്‍കണം. എന്നാല്‍, ചിലയിടങ്ങളില്‍ വില ഇതിലും കൂടും.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി പ്രതീക്ഷിക്കാതെ എത്തിയ മഴയാണ് ഭക്ഷ്യ വിലക്കയറ്റത്തിനുള്ള കാരണമായതെന്ന് പച്ചക്കറി വ്യാപാരികള്‍ പറയുന്നു.
കാലം തെറ്റിയെത്തിയ മഴയില്‍ ഇതര സംസ്ഥാനങ്ങളിലുണ്ടായ കൃഷിനാശവും കാര്‍ഷിക ഉത്പാദനത്തിലുണ്ടായ ഇടിവുമാണ് സംസ്ഥാനത്തെ 'അടുക്കള ബജറ്റ്' താളം തെറ്റിക്കുന്നത്. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ലഭ്യത കുറയുന്നത് വിലക്കയറ്റത്തിനു കാരണമാകുന്നു. കേരളത്തിലേക്ക് അരിയും പച്ചക്കറികളും പ്രധാനമായും വരുന്നത് ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ്. മഴ കാരണം ഈ സംസ്ഥാനങ്ങളില്‍ വിളവെടുപ്പിനു തയ്യാറായ 20-30 ശതമാനം വരെ വിളകള്‍ നശിച്ചതായാണ് വിവരം.
ചെറിയ ഉള്ളിക്കും മുരിങ്ങാക്കായയ്ക്കും മൂന്നു മാസത്തിനുള്ളില്‍ 90 ശതമാനം മുതല്‍ 110 ശതമാനം വരെയാണ് വില ഉയര്‍ന്നിട്ടുള്ളത്. മറ്റു പച്ചക്കറികള്‍ക്ക് ഒരു മാസത്തിനുള്ളില്‍ 20-30 ശതമാനം വരെ വില ഉയര്‍ന്നിട്ടുണ്ട്. അതേസമയം, കൂര്‍ക്ക പോലുള്ള സീസണല്‍ കിഴങ്ങുവര്‍ഗങ്ങള്‍ക്ക് വില കുറഞ്ഞിട്ടുമുണ്ട്.
നേരത്തേ സംസ്ഥാനത്തുതന്നെ ധാരാളമായി കൃഷി ചെയ്തിരുന്ന പാവയ്ക്ക, പടവലങ്ങ പോലുള്ള പച്ചക്കറികളടക്കം ഇപ്പോള്‍ കൂടുതലായെത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍നിന്നാണെന്നും സംസ്ഥാനത്ത് ഉത്പാദനം കുറഞ്ഞതായും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
വില വർധിപ്പിക്കണമെന്ന് ഹോട്ടലുടമകൾ
കൊച്ചി: പഴം-പച്ചക്കറികള്‍, അരി, ധാന്യങ്ങള്‍, ഇറച്ചി തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില വര്‍ധിച്ചതോടെ പ്രതിസന്ധിയിലായി ഹോട്ടലുകള്‍. നിലവില്‍ ഭക്ഷണങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നില്ലെന്നാണ് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.) തീരുമാനം.
എന്നാല്‍, വില വര്‍ധിപ്പിക്കാതെ മുന്നോട്ടു പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ഹോട്ടലുകള്‍ പറയുന്നത്.
പാല്‍ വില ലിറ്ററിന് അഞ്ച് രൂപയിലധികം കൂട്ടാനുള്ള തീരുമാനവും ഹോട്ടലുകളുടെ നടുവൊടിക്കും. നിലവില്‍ ഒരു ഗ്ലാസ് ചായയ്ക്ക് കുറഞ്ഞത് 10-15 രൂപ വരെയാണ് വില. പാല്‍ വില ഉയര്‍ത്തിയാല്‍ ചായയുടെ വില വര്‍ധിക്കും.
വിലക്കയറ്റം കൂടാതെ തൊഴിലാളികളുടെ കൂലി, കെട്ടിട വാടക, പാചക വാതകം, വിറക് തുടങ്ങിയവയുടെ വിലവര്‍ധനയും മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വില കൂട്ടിയാല്‍ കച്ചവടം കുറയുമെന്നാണ് ഉടമകള്‍ പറയുന്നത്. അതേസമയം, വില കൂട്ടണമെന്നാണ് ഒരുപക്ഷം ഹോട്ടലുടമകളുടെ ആവശ്യം.
നിലവില്‍ ഹോട്ടലുകളുടെ തരവും വിഭവങ്ങളും അനുസരിച്ച് ഊണിന് ശരാശരി 40 രൂപ മുതല്‍ 150 രൂപ വരെയാണ് വില. നക്ഷത്ര ഹോട്ടലുകളില്‍ വില വീണ്ടും ഉയരും.
പച്ചക്കറി വില (കിലോഗ്രാം) | തുക(രൂപയിൽ) |
---|---|
ചെറിയുള്ളി | 90 |
മുരിങ്ങക്കായ | 90 |
പാവയ്ക്ക | 70 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 65 |
ഇഞ്ചി | 80 |
ബീന്‍സ് | 65 |
പച്ചമുളക് | 60 |
ഉരുളക്കിഴങ്ങ് | 45 |
സവാള | 30 |
തക്കാളി | 40 |
Content Highlights: vegetable price hike, hotels demans for price hike on foods, food


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..