വരാപ്പുഴ: ആന്ധ്രയില്‍നിന്ന് എത്തിക്കുന്ന കരിമീനിന് ക്ലോറിന്റെ ചുവ. ഐസ് നിറച്ച തെര്‍മോക്കോള്‍ പെട്ടിയിലെത്തുന്ന കരിമീനും ചൂരയും മുള്ളനും ഉള്‍പ്പെടെയുള്ള മീനുകള്‍ക്കാണ് ക്ലോറിന്റെ ചുവ അനുഭവപ്പെടുന്നത്. മലയാളികളുടെ ഇഷ്ട മീനുകളായ ഇവ നാടനാണെന്നു കരുതി വാങ്ങുന്നവരാണ് കുടുങ്ങുന്നത്.
ഇത്തരം മീനുകള്‍ തിളപ്പിക്കുമ്പോള്‍ ക്ലോറിന്റെ മണം വരുന്നുണ്ട്. മീന്‍ നന്നാക്കുമ്പോള്‍ കൈകള്‍ ചുവന്ന് തിണര്‍ക്കുന്നതായി അനുഭവസ്ഥര്‍ പറയുന്നു. മീന്‍ കേടാകാതെ സൂക്ഷിക്കുന്നതിനായി ഇട്ടിട്ടുള്ള ഐസില്‍ അമിതമായി ക്ലോറിന്‍ ചേര്‍ത്തുവരുന്നതാണ് ഇതിനുകാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
50, 60 കിലോ മീനുകളാണ് ഒരു പെട്ടിയില്‍ എത്തുന്നത്. മലയാളി കഴിക്കുന്നതില്‍ ഒരു വലിയ പങ്ക് ഇപ്പോള്‍ ഇതര സംസ്ഥാനത്തു നിന്നുവരുന്ന മീനുകളാണ്. വിലക്കുറവാണ് പ്രധാന കാരണം. വരവ് മീനുകളില്‍ വ്യാപകമായി ഫോര്‍മലിന്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തിലെ മീന്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പന കാര്യമായി കുറഞ്ഞിരുന്നു.
എന്നാല്‍ നാടന്‍ മത്സ്യങ്ങളുടെ വില വന്‍തോതില്‍ കൂടാനിടയായതോടെയാണ് ആന്ധ്ര, മംഗലാപുരം, ഗുജറാത്ത്, ഗോവ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള മീന്‍ എത്തുന്നത് വീണ്ടും സജീവമായത്. ഗുജറാത്തില്‍ നിന്ന് എത്തുന്ന മീന്‍ ഇപ്പോള്‍ കച്ചവടക്കാര്‍ കാര്യമായി വില്‍പ്പനയ്‌ക്കെടുക്കുന്നില്ല.
നാടന്‍ കരിമീനിന് വില അമിതമായി കൂടിയതോടെയാണ് ആന്ധ്രയില്‍ നിന്നുമെത്തുന്ന കരിമീനിന് ആവശ്യക്കാര്‍ ഏറിയത്. നാടന്‍ കരിമീന് കിലോയ്ക്ക് 650 രൂപ വരെ വിലയുണ്ട്. ആന്ധ്ര കരിമീനിന്റെ വില കിലോയ്ക്ക് 250 രൂപയാണ്. വരവ് മീനുകളുടെ ആവശ്യക്കാരില്‍ ഏറെയും ഹോട്ടലുകാരാണ്.
വരവ് മീനുകളില്‍ ഏറ്റവും ഡിമാന്‍ഡ് ആന്ധ്രയില്‍ നിന്ന് എത്തുന്ന ചൂരയാണ്. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ചൂരയേക്കാള്‍ നൂറ് രൂപ കുറവാണിതിന്. നിലവില്‍ കിലോയ്ക്ക് 150 രൂപ വാങ്ങിയാണ് വരവ് ചൂരയുടെ വില്‍പ്പന നടക്കുന്നത്. വരവ് മുള്ളന്റെ വില 70 ആണ്. നാട്ടിലേതിന് കിലോയ്ക്ക് 160ഉം.
വരവ് കരിമീനിനും ചൂരയ്ക്കും രുചിവ്യത്യാസം അനുഭവപ്പെട്ടതോടെ മാര്‍ക്കറ്റുകളില്‍ ഇവയുടെ വില്‍പ്പന പത്തിലൊന്നായി കുറഞ്ഞിരിക്കുകയാണ്.
കരിമീന്‍ തിരിച്ചറിയാം
നാടന്‍ കരിമീനിന് വെള്ളിയും (സില്‍വര്‍) കറുപ്പും കലര്‍ന്ന നിറമായിരിക്കും. ആന്ധ്ര കരിമീനിന് ചാരനിറമായിരിക്കും. തിളങ്ങുന്ന കണ്ണുകളാണ് നാടന്‍ മീനുകള്‍ക്ക്. എന്നാല്‍ ആന്ധ്ര മീനിന്റെ കണ്ണുകള്‍ വിളറിയിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..