ലോകമെങ്ങും കൊറോണ പടര്‍ന്നു പിടിച്ചതോടെ ചെറുകിട സംരംഭകരെല്ലാം വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. അമേരിക്കയിലെ ജോര്‍ജിയയില്‍ ഇന്ത്യന്‍ റസ്‌റ്ററന്റ് നടത്തുന്ന രണ്ടുപേര്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് തങ്ങളുടെ സംരംഭത്തെ പറ്റി സംസാരിക്കുന്ന വീഡിയോ വൈറലാകുകയാണ് ഇപ്പോള്‍. കൊറോണ തങ്ങളുടെ ബിസിനസിനെ എങ്ങനെയാണ് ബാധിച്ചതെന്നാണ് ഇരുവരും പ്രസിഡന്റിനോട് പറയുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ഈ സംസാരം പുറത്തു വിട്ടത് വൈറ്റ് ഹൗസാണ്. 

നീല്‍, സമീര്‍ ഇദാനി എന്നിവര്‍ ചേര്‍ന്ന് ജോര്‍ജിയയില്‍ നാന്‍സ്റ്റോപ്പ്  എന്ന റസ്റ്റൊറന്റാണ് നടത്തുന്നത്. കൊറോണക്കാലമായതോടെ കച്ചവടമൊക്കെ മോശമായി. 'മഹാമാരി പടര്‍ന്നു പിടിച്ചതിനു ശേഷം ചെറുകിടകച്ചവടക്കാര്‍ക്ക് എല്ലാ ദിവസവും ഒരു ചോദ്യചിഹ്നമായിരുന്നു. എന്നാല്‍ പ്രസിഡന്റ് ഞങ്ങളുടെ അവസ്ഥ കണ്ടെത്തുകയായിരുന്നു.' സമീര്‍ വീഡിയോയില്‍ പറയുന്നത് ഇങ്ങനെ.

food

'ബിസിനസൊക്കെ നന്നായി പോകുന്നുണ്ടോ' എന്നായിരുന്നു ബൈഡന്റെ ആദ്യത്തെ ചോദ്യം. തങ്ങളുടെ ബിസിനസ് 75 ശതമാനം നഷ്ടത്തിലായെന്നും 20 മുതല്‍ 25 ജോലിക്കാര്‍ വരെ ഉണ്ടായിരുന്നത് 10 മുതല്‍ 15 പേര്‍ വരെ ആക്കേണ്ടി വന്നെന്നുമാണ് നീല്‍ നല്‍കിയ മറുപടി. 

നിങ്ങളുടെ റസ്റ്ററന്റ് കരകയറാന്‍ ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ആവശ്യമായത് എന്താണെന്നായി അപ്പോള്‍ പ്രസിഡന്റിന്റെ അടുത്ത ചോദ്യം. എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച് എല്ലാവര്‍ക്കും പുറത്തിറങ്ങാന്‍ കഴിയണമെന്നായിരുന്നു അവരുടെ മറുപടി. 

biden

ചെറുകിട ബിസിനസുകളെ രക്ഷിക്കാനുള്ള പ്ലാനുകളും ബൈഡന്‍ മുന്നോട്ടു വച്ചു. ചെറുകിട ബിസിനസുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് തന്റെ തീരുമാനമെന്നും പ്രസിഡന്റ് നാന്‍സ്റ്റോപ്പ് ഉടമകളോട് പറഞ്ഞു. 

' കുറച്ചല്ല, നമ്മള്‍ വലിയ നിക്ഷേപം നടത്തണം, വീണ്ടും ഉയര്‍ന്നു വരണം, കൊറോണ വൈറസിനെ നേരിട്ടുകൊണ്ടു തന്നെ..' ബൈഡന്‍ തുടരുന്നു.

രണ്ട് ലക്ഷത്തോളം ആളുകളാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ കണ്ടത്.  അമേരിക്കയെ രക്ഷപ്പെടുത്താനുള്ള പ്രസിഡന്റ് ബൈഡന്റെ പദ്ധതിക്ക് കൈയടിക്കുകയാണ് വീഡിയോ കണ്ടവര്‍.

Content Highlights: US President Joe Biden sat down for a remote chat with the owners of an Indian restaurant in Atlanta