കൊറോണാ എന്ന മഹാമാരി ഈയൊരു വര്‍ഷത്തെ പലതരത്തിലാണ് മാറ്റിമരിച്ചത്. വിവാഹം, മരണം പോലെ ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ക്കനുസരിച്ചാണ് നടത്തുന്നത്. ഇതേത്തുടര്‍ന്ന് നിരവധി വിവാഹങ്ങളാണ് ചുരുങ്ങിയ ചടങ്ങുകളോടെ നടത്തിയത്. ഇപ്പോഴിതാ ചിക്കാഗോയില്‍ നിന്നുള്ള ഒരു ദമ്പതികളും തങ്ങളുടെ വിവാഹത്തിനു മാറ്റിവച്ച പണം കൊണ്ട് മറ്റൊരു കാരുണ്യപ്രവൃത്തി ചെയ്തിരിക്കുകയാണ്. വിവാഹസല്‍ക്കാരത്തിനായി മാറ്റിവച്ച പണം പാവപ്പെട്ടവര്‍ക്കായി ഭക്ഷണം നല്‍കാന്‍ ഉപയോഗിച്ചിരിക്കുകയാണ് ഇവർ. 

എമിലി ബഗ്, ബില്ലി ലെവിസ് എന്നീ ദമ്പതികളാണ് ഹൃദയം തൊടുന്ന പ്രവൃത്തിയിലൂടെ താരങ്ങളാകുന്നത്. ആഡംബര വിവാഹം നടത്താനുള്ള ഇരുവരുടേയും പദ്ധതി കൊറോണ തകര്‍ത്തു കളയുകയായിരുന്നു. ഇതോടെ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പിന്‍വലിക്കുകയും മുന്‍കൂട്ടി അടച്ച പണം തിരികെ വാങ്ങുകയും ചെയ്തു. എന്നാല്‍ കാറ്ററിങ്ങിനു വേണ്ടി നല്‍കിയ പണം മാത്രം തിരികെ കിട്ടുമായിരുന്നില്ല. ഇതോടെയാണ് ഈ പണം ഫലപ്രദമായി വിനിയോഗിക്കാന്‍ ഇരുവരും തീരുമാനിച്ചത്. അങ്ങനെ താങ്ക്‌സ് ഗിവിങ് ദിനത്തില്‍ പാവപ്പെട്ടവര്‍ക്കായി ഭക്ഷണം വിതരണം ചെയ്യാം എന്നു തീരുമാനിക്കുകയായിരുന്നു. 

അയ്യായിരം ഡോളറോളമാണ് ഇതിനുവേണ്ടി ഇരുവരും നീക്കിവച്ചിരിക്കുന്നത്. അങ്ങനെ ഇരുനൂറോളം പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ ഈ പണം ഉപയോഗിച്ചു. ടര്‍ക്കി കഷ്ണങ്ങള്‍, ബീന്‍സ്, മാഷ്ഡ് പൊട്ടെറ്റോ, ക്രാന്‍ബെറി സോസ് തുടങ്ങിയ ധാരാളം വിഭവങ്ങളും വിരുന്നിലുണ്ടായിരുന്നു. 

അമേരിക്ക, കാനഡ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ ആഘോഷമാണ് താങ്ക്‌സ് ഗിവിങ് ഡേ. കഴിഞ്ഞ വര്‍ഷത്തെ വിളവെടുപ്പിനും മറ്റ് അനുഗ്രഹങ്ങള്‍ക്കുമെല്ലാം നന്ദിസൂചകമായി സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം വലിയ ഭക്ഷണവിരുന്നോടെ സംഘടിപ്പിക്കുന്ന ആഘോഷമാണിത്. നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച്ചയായ 26ാം തീയതിയാണ് താങ്ക്‌സ് ഗിവിങ് ദിനമായി ആഘോഷിക്കുന്നത്. 

Content Highlights: US Couple Cancels Big Wedding, Uses Deposit To Feed Needy On Thanksgiving