പ്രതീകാത്മക ചിത്രം (Photo: Madhuraj)
ആലത്തൂര്‍: ഭക്ഷ്യസുരക്ഷാവകുപ്പ് ഇനി ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പാക്കുന്നത് ജനപങ്കാളിത്തത്തോടെ. ശുചിത്വമില്ലായ്മ കണ്ടാല്‍ ആര്‍ക്കും അതിന്റെ ചിത്രം എടുത്ത് അയയ്ക്കാന്‍ വാട്സാപ്പ് നമ്പര്‍ സജ്ജമാക്കാനൊരുങ്ങുകയാണ് വകുപ്പ്. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ സംബന്ധിച്ച് പരാതികള്‍ അറിയിക്കാനുള്ള 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറിനുപുറമേയാണിത്.
കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് വാട്സാപ്പ് നമ്പര്‍ സജ്ജമാക്കാനുള്ള നിര്‍ദേശം ഉയര്‍ന്നത്. വകുപ്പുമന്ത്രി വീണാ ജോര്‍ജ് ഈ നിര്‍ദേശത്തെ സ്വാഗതംചെയ്തു. എത്രയുംവേഗം ഇത് സജ്ജമാക്കി പൊതുജനങ്ങളുടെ അറിവിലേക്ക് വാട്സാപ്പ് നമ്പര്‍ നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. എല്ലാ ഭക്ഷണശാലകളിലും നടത്തിപ്പുകാര്‍ ഈ നമ്പര്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
പാതകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് നിര്‍ദേശങ്ങളും പരാതികളും അറിയിക്കാന്‍ പൊതുമരാമത്ത് വകുപ്പ് വാട്സാപ്പ് നമ്പര്‍ ഏര്‍പ്പെടുത്തിയതിനുപിന്നാലെയാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നീക്കം.
പരിശോധനയും നടപടിയും തുടരും
ഭക്ഷ്യസുരക്ഷാ പരിശോധനയും നടപടിയും സ്ഥിരം പ്രക്രിയ ആക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കല്‍ ജില്ലാതലത്തില്‍ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍മാര്‍ ഇത് വിലയിരുത്തണം. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടും.
ഏതുതരം ഭക്ഷ്യവസ്തുവും പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിയോജകമണ്ഡലതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ലൈസന്‍സും രജിസ്ട്രേഷനും ഇല്ലാത്ത സ്ഥാപനങ്ങള്‍ മൂന്നുമാസത്തിനകം അതിനുള്ള നടപടി പൂര്‍ത്തിയാക്കണം.
സ്ഥിരം സംവിധാനമല്ലാത്ത തട്ടുകടകളിലെയും വഴിയോര ഭക്ഷണശാലകളിലെയും ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കും.
ഫോട്ടോയെടുക്കല്‍ ശ്രമകരം
ഏതെങ്കിലും ഭക്ഷണശാലയില്‍ ശുചിത്വക്കുറവോ ഭക്ഷണത്തിന് പഴക്കമോ നിരവാരമില്ലായ്മയോ കണ്ടാല്‍ ചിത്രമെടുത്ത് വാട്സാപ്പില്‍ അയയ്ക്കുക സാധാരണക്കാരെ സംബന്ധിച്ച് എളുപ്പമാകില്ല. ചിത്രം എടുക്കാന്‍ സ്ഥാപനം നടത്തിപ്പുകാര്‍ അനുവദിക്കാനിടയില്ല. കൈയേറ്റവും തടസ്സപ്പെടുത്തലും ഭീഷണിയും ഉണ്ടാകാം. കോഴിക്കോട്ടും കൊല്ലത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായി. രഹസ്യക്യാമറ ഉപയോഗിക്കേണ്ടിവരും. ഭക്ഷണം വിളമ്പുന്നിടത്ത് എല്ലാം നന്നായിരിക്കുമെങ്കിലും ശുചിത്വക്കുറവും മറ്റും അടുക്കളയിലും സ്റ്റോറിലുമാണ് ഉണ്ടാവുക. ഇവിടേക്ക് പ്രവേശനം ഇല്ലതാനും. പരീക്ഷണമെന്നനിലയിലാണ് സംരംഭമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് അധികാരികള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..