ഫോട്ടോ : അജീബ് കൊമാച്ചി
ന്യൂഡല്‍ഹി: ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ അളവും ഉപയോഗിക്കപ്പെടുന്ന ഭക്ഷണത്തിന്റെ അളവും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് യു.എന്നിന്റെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 ലെ യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമിന്റെ ഫൂഡ് വേസ്റ്റ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം, പ്രതിവര്‍ഷം 100 കോടി ടണ്‍ ഭക്ഷണസാധനങ്ങളാണ് പാഴാക്കിക്കളയുന്നത്. അതായത്, മൊത്തം ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ മൂന്നിലൊരു ഭാഗം പാഴാവുകയോ മാലിന്യമായി പുറന്തള്ളുകയോ ആണ്.
കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യത്തിലെ നഷ്ടം, മലിനീകരണം മുതലായ പ്രകൃതിയിലെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഭക്ഷ്യസംവിധാനത്തിലെ പരിഷ്‌കരണം പ്രധാനമാണെന്ന് യുഎന്‍ഇപിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആഗോള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന്റെ എട്ട് മുതല്‍ 10 ശതമാനം വരെയും മാലിന്യമായി തള്ളപ്പെടുന്ന ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുപ്രകാരം, വീടുകളില്‍നിന്നുള്ള ഭക്ഷണമാലിന്യം ആഗോള തലത്തില്‍ തന്നെ വെല്ലുവിളിയായി മാറുന്നു.
ഭക്ഷ്യ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം കൂടാന്‍ കാരണം, മാലിന്യത്തിന്റെ അളവ് കൂടുന്നതും അതിന്റെ മാനേജ്‌മെന്റിലെ പരാജയവുമാണെന്നാണ് പ്രസ്തുത റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഭക്ഷ്യമാലിന്യങ്ങളുടെ തോത് അളക്കുന്നതിനും സുസ്ഥിരവികസന ലക്ഷ്യം (എസ്ഡിജി) 12.3 യുടെ പുരോഗതി അളക്കുന്നതിനുമുള്ള പൊതുരീതിയാണ് യുഎന്‍ഇപിയുടെ ഈ ഭക്ഷ്യമാലിന്യ സൂചികാറിപ്പോര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും സമഗ്രമായ ഭക്ഷ്യമാലിന്യ ഡാറ്റാശേഖരണത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണിത്.
ഭക്ഷ്യമാലിന്യ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി യുഎന്‍ഇപി ധാരാളം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് സസ്റ്റെയിനബിള്‍ ഫൂഡ് സിസ്റ്റംസ് പ്രോഗ്രാം ഓഫീസര്‍ ക്ലിമന്റൈന്‍ ഓ കോണര്‍ പറയുന്നത്. 2013 ലെ 'തിങ്ക് ഈറ്റ് സേവ് ഗ്ലോബല്‍' ക്യാംപെയിനൊക്കെ ഇതിന്റെ ഭാഗമായിരുന്നു. ആഫ്രിക്ക, ഏഷ്യന്‍ പസഫിക്, ലാറ്റിന്‍ അമേരിക്ക, കരീബിയ, വെസ്റ്റ് ഏഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ റീജിയണല്‍ ഫൂഡ് വേസ്റ്റ് വര്‍ക്കിങ് ഗ്രൂപ്പുകളേയും യുഎന്‍ഇപി നിയോഗിക്കുന്നുണ്ട്. ഭക്ഷണമാലിന്യം പകുതിയായി കുറയ്ക്കാന്‍ ഈ ഗ്രൂപ്പുകള്‍ സഹായിക്കും.
Content Highlights: un report says 100 crores tonne of food are wasted by perople per year across globe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..