അബുദാബി: കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് തടസ്സമാകുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളില്‍ വിലക്കേര്‍പ്പെടുത്തി. ഇവയുടെ പട്ടിക മന്ത്രാലയം യു.എ.ഇ.യിലെ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു.
ഹോട്ട് ഡോഗുകളും സംസ്കരിച്ച ഇറച്ചികളുമാണ് പട്ടികയില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്നത്. പാകംചെയ്ത് പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ന്യൂഡില്‍സുകളാണ് മറ്റൊന്ന്. ഉയര്‍ന്ന കൊഴുപ്പും സോഡിയത്തിന്റെ അളവും ഇത്തരം ഭക്ഷണത്തെ കൂടുതല്‍ അപകടകാരിയാക്കുന്നു. ചോക്ലേറ്റുകള്‍, പഞ്ചസാരയുടെ അളവ് കൂടുതലുള്ള കൃത്രിമ രുചിക്കൂട്ടുകള്‍ ചേര്‍ത്ത ക്രീം ചോക്ലേറ്റുകള്‍, മധുരപലഹാരങ്ങള്‍, ലോലിപോപ്പുകള്‍, ജെല്ലികള്‍, പീനട്ടിന്റെ എല്ലാ ഉത്പന്നങ്ങളും ഉരുളക്കിഴങ്ങിന്റെയും ചോളത്തിന്റെയും ചിപ്സുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍, മധുര പാനീയങ്ങള്‍, ഐസ് ടീ, ക്രീം കേക്കുകള്‍, ഡോനട്ടുകള്‍ എന്നിവയെല്ലാം വിലക്കേര്‍പ്പെടുത്തിയ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടും.
ലോകാരോഗ്യ നിലവാരത്തിനനുസരിച്ച് കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് തീരുമാനം. ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് കുട്ടികളെ കൊണ്ടുവരാന്‍ ഈ നടപടികളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോഷകക്കുറവ്, അമിതവണ്ണം, രക്തസമ്മര്‍ദം, പ്രമേഹം, ക്ഷീണം തുടങ്ങിയ അസുഖങ്ങളെല്ലാം സര്‍വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നതില്നിന്ന് യുവതലമുറയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് നടപടി.
ഈ നിര്‍ദേശങ്ങള്‍ സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളുമായും പങ്കുവെക്കണം. സ്കൂളുകളിലേക്ക് കൊടുത്തയക്കുന്ന ഭക്ഷണത്തില്‍ നിരോധിച്ചവയൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സ്കൂളുകളുടെ ഉത്തരവാദിത്വമാണ്. പ്രഭാതഭക്ഷണം വിദ്യാര്‍ഥികള്‍ വീടുകളില്‍നിന്ന് തന്നെ കഴിച്ചിരിക്കണമെന്നും മന്ത്രാലയം നിഷ്കര്‍ഷിക്കുന്നു.
Content Highlights: UAE Education ministry ban junk food in School