ലോക്ഡൗണ്‍ കാലത്ത് അമ്മയെ സഹായിക്കാന്‍ ചുമ്മാ അടുക്കളയില്‍ കയറിയതാണ് ഈ സഹോദരങ്ങള്‍; എന്‍ജിനീയറിങ് ബിരുദധാരിയായ നകുലും പ്ലസ് ടു വിദ്യാര്‍ഥി സഹദേവും. ലോക്ഡൗണ്‍ അണ്‍ലോക് ആയപ്പോഴേക്കും ഇവര്‍ ചെറിയൊരു ബിസിനസ് സാമ്രാജ്യംതന്നെ സൃഷ്ടിച്ചു. വൈകാതെ തന്നെ അടുക്കളയില്‍നിന്ന് സ്വന്തമായ കമ്പനിക്കുകൂടി രൂപം നല്‍കിയതോടെ അമ്മ മാത്രമല്ല, ഏവരും ഞെട്ടി.

കൊച്ചി എളമക്കര സ്വദേശികളായ ഈ സഹോദരങ്ങള്‍ ഭക്ഷണപ്രിയരാണ്. ലോക്ഡൗണ്‍ കാലത്ത് ഏറെ നഷ്ടം തോന്നിയതും പുറത്തുനിന്നുള്ള ഭക്ഷണം. പിന്നീടാണ് ഇരുവരും ചേര്‍ന്ന് ഭക്ഷണം സ്വയമൊരുക്കാന്‍ തുടങ്ങിയത്. ബര്‍ഗറും മറ്റ് ഇഷ്ട ഭക്ഷണങ്ങളുമെല്ലാമുണ്ടാക്കി.

മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിച്ച നകുലിന്റെയും ആര്‍ക്കിടെക്ചര്‍ ഇഷ്ടപ്പെടുന്ന സഹദേവിന്റെയും ജീവിതത്തിലെ വഴിത്തിരിവ് ഇവിടെ നിന്നാണ്. ഇരുവരും പുതിയ മേഖല കണ്ടെത്തുകയായിരുന്നു ആ ദിവസങ്ങളില്‍.

ബോറടി മാറ്റാനാണ് ഒരു ദിവസം ഇരുവരും കുക്കീസ് ഉണ്ടാക്കാന്‍ ശ്രമിച്ചത്. യു ട്യൂബും നെറ്റും എല്ലാംനോക്കി ന്യൂയോര്‍ക്ക് കുക്കീസ് തയ്യാറാക്കി.

ആദ്യത്തേതു നന്നായപ്പോള്‍ പല രീതിയില്‍ വീണ്ടുമുണ്ടാക്കാന്‍ ശ്രമം തുടങ്ങി. ഓരോ തവണയുണ്ടാക്കുമ്പോഴും മികച്ചതായി വന്നുതുടങ്ങി. നകുലിന്റെ സുഹൃത്തുക്കളാണ് എന്തുകൊണ്ട് ഇതൊരു ബിസിനസാക്കിക്കൂടാ എന്ന ആശയം നല്‍കിയത്.

പിന്നീട് എല്ലാം പൈട്ടന്നായിരുന്നു. ഇരുവരും ചേര്‍ന്ന് 'ദ ക്രേവറി കൊച്ചി' (@thecravory_kochi) എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പേജ് തുടങ്ങി.

ഓര്‍ഡറനുസരിച്ച് ഇവര്‍ ആവശ്യക്കാര്‍ക്ക് കുക്കീസ് എത്തിക്കും. ചങ്കി ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, ഡബിള്‍ ചോക്ലേറ്റ്, കുക്കീസ് ആന്‍ഡ് ക്രീം, ഓറഞ്ച് ചോക്ലേറ്റ്സ്, പീനട്ട് ബട്ടര്‍ ചോക്ലേറ്റ്, സ്‌മോക്‌സ് എന്നിങ്ങനെ എട്ടു തരത്തിലാണ് കുക്കീസ് തയ്യാറാക്കുന്നത്. നാലു മാസംകൊണ്ട് ആയിരത്തിലധികം ഫോളോവേഴ്സാണ് ഇവരുടെ പേജിലുള്ളത്. ബിസിനസുകാരനായ അച്ഛന്‍ സുനില്‍ കുമാറും അമ്മ റാണിയും ചേട്ടന്‍ അര്‍ജുന്‍ എസ്. കുമാറും പിന്തുണയുമായുണ്ട്.

Content Highlights: two brothers from Kochi started cookies business