ഹംസ താനുണ്ടാക്കിയ തുർക്കി മധുരപലഹാരങ്ങൾക്കൊപ്പം
വേങ്ങര: കുനാഫ, ബക്ക് ലാവ് എന്നൊക്കെ കേൾക്കുമ്പോൾ വളരെ വിചിത്രമായ പേരുകളായി തോന്നുന്നത് സ്വാഭാവികം.
പക്ഷേ, ഇതിന്റെയൊക്കെ മധുരം നുണയുമ്പോൾ ആരും കൊടുത്തുപോവും തുർക്കിഷ് സ്വീറ്റ്സ് ഉണ്ടാക്കി വിൽക്കുന്ന വി.പി. ഹംസയ്ക്ക് ഒരു ബിഗ് സല്യൂട്ട്. തുർക്കിഷ് പലഹാരമായ കുനാഫയൊക്കെ ഈയടുത്ത കാലത്താണ് നാട്ടിൽ അറിയപ്പെടുന്ന ഒരു വിഭവമായത്. എന്നാൽ കുനാഫയടക്കമുള്ള തുർക്കിഷ് മധുരപലഹാരങ്ങൾ ഹംസ ഉണ്ടാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വേങ്ങര -ചേറൂർ റൂട്ടിലെ അടിവാരത്താണ് ഹംസയുടെ മധുരക്കട.
സൗദിയിൽ ഈ രംഗത്ത് 28 വർഷത്തെ പ്രവൃത്തിപരിചയമുണ്ട് ഹംസയ്ക്ക്. തുർക്കിഷ് സ്വീറ്റ്സ് നിർമിക്കുന്ന തുർക്കികളുടെ കടകളിൽ നിന്ന് തന്നെയാണ് ഹംസ ഇവയുണ്ടാക്കാൻ പഠിക്കുന്നത്. പിന്നീട് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോൾ ഹംസയുമാലോചിച്ചു ഇനി എന്തു ചെയ്യുമെന്ന്. അദ്ദേഹത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളു, തുർക്കിഷ് പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുക. അങ്ങനെയാണ് അദ്ദേഹം കലീജ് അറേബ്യൻ സ്വീറ്റ്സ് എന്ന പേരിൽ പലഹാരക്കട തുടങ്ങിയത്.
കല്യാണ ഓർഡറുകളും പാർട്ടി ഓർഡറുകളും എല്ലാം ഈ കടയിൽ എടുക്കും. പലഹാരങ്ങളിലേക്ക് വന്നാൽ ബക്ക് ലാവ തന്നെ ഒരുപാട് ഇനമുണ്ട് ഇവിടെ. തുറുംബ, കമർമാമുൽ, ബ്യൂട്ടിഫോർ ബിസ്കറ്റ്, കുനാഫ, ബസ്ബുഷ എന്നിങ്ങനെ നീളും മറ്റിനങ്ങൾ. ഇവിടുത്തെ പലഹാരങ്ങൾ ലൈവ് ആയി ഉണ്ടാക്കി വിൽക്കുന്നവയാണെന്നതാണ് പ്രത്യേകത.
മലേഷ്യൻ നിർമിതമായ ഓവനും ഇറ്റാലിയൻ നിർമിതമായ മിക്സറും ഉപയോഗിച്ചാണ് പലഹാരങ്ങൾ ഉണ്ടാക്കുന്നത്. കുന്നുംപുറം, കൊണ്ടോട്ടി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽനിന്നെല്ലാം ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് ഹംസ പറയുന്നു. ഭാര്യ ആസ്യയും ആറു മക്കളും അടങ്ങുന്ന കുടുംബത്തിന്റെയും പൂർണപിന്തുണ ഹംസയ്ക്കുണ്ട്.
Content Highlights: turkish desserts, turkish sweets by vp hamza
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..