ബാംബൂ കുക്കീസിനും ബാംബൂ ബോട്ടിലിനും ശേഷം ത്രിപുര സർക്കാർ ബാംബൂ റൈസുമായാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മുളയിലെ പൂക്കളിൽ നിന്ന് പ്രത്യേകം വേർതിരിച്ചെടുക്കുന്ന ഈ അരിക്ക് ധാരാളം പോഷകഗുണങ്ങളുള്ളതായി പറയപ്പെടുന്നു. പ്രോട്ടീനുകൾ സമൃദ്ധമായി അടങ്ങിയ മുളയരി സന്ധിവേദനകൾ കുറയ്ക്കുമെന്നും പ്രമേഹരോഗികൾക്ക് ഉത്തമ ഭക്ഷണമാണെന്നുമാണ് പറയപ്പെടുന്നത്.

വളരെ ചെലവ് കുറഞ്ഞതുംവിപണിയിൽ ലാഭം തരുന്നതും
ധാരാളമായി ഉപയോഗിക്കാൻ പറ്റുന്നതുമാണ് ഈ അരി എന്ന് ആദ്യഘട്ട വിതരണം ഉദ്ഘാടനം ചെയ്ത് ത്രിപുര മുഖ്യമന്തി ബിപ്ലബ് കുമാർ ദേബ് പറഞ്ഞു. പലതരത്തിലുള്ള മുളയരികൾ നിർമിക്കാൻ കാർഷികവ്യവസായങ്ങളോട് മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തു.

'മുളയിൽ നിന്ന് മറ്റു തരത്തിലുള്ള വരുമാനവും കണ്ടെത്താനാണ് ഞങ്ങളുടെ ശ്രമം. ബാംബൂ ബിസ്കറ്റുകളും, ബാംബൂ ബോട്ടിലുകളും ഞങ്ങൾ വിപണിയിലെത്തിച്ചു കഴിഞ്ഞു. ആയിരകണക്കിന് മുളംപൂവുകളിൽ നിന്നാണ് മുളയരി ഉണ്ടാക്കുന്നത്. ഇത് പ്രമേഹം, കൊളസ്ട്രോൾ, കൊഴുപ്പ് എന്നിവ കൂടുന്നത് തടയും.' മുഖ്യമന്ത്രി പറഞ്ഞു.

മുളയരി ഭക്ഷണം ശീലമാക്കി രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ അവയുടെ ഉൽപ്പാദനവും വിതരണവും സംസ്ഥാനത്തെ കാർഷിക സംരംഭങ്ങളുടെ വളർച്ചക്ക് സഹായകരമാകും എന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി.

ത്രിപുരയിൽ 21 ഇനത്തിൽ പെട്ട മുളകളുണ്ട്. 3,246 സ്ക്വയർ കിലോമീറ്റർ സ്ഥലത്താണ് മുളംകാടുകൾ വളർത്തുന്നത്. 15,000 ഹെക്ടർ സ്ഥലത്തേയ്ക്ക് ഇത് വ്യാപിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

Content Highlights:Tripura launches bamboo rice