ചെന്നൈ: തക്കാളിയ്ക്ക് പകരം ബിരിയാണി നൽകി കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തെ ഹോട്ടൽ. ഒരു കിലോ തക്കാളിയുമായെത്തുന്നവർക്കാണ് ചിക്കൻ ബിരിയാണി സൗജന്യമായി നൽകിയത്. ഇത് കൂടാതെ രണ്ട് ചിക്കൻ ബിരിയാണി വാങ്ങുന്നവർക്ക് അര കിലോ തക്കാളിയും നൽകി.

തമിഴ്‌നാട്ടിൽ തക്കാളിവില കുതിച്ചുയരുന്ന സാഹചര്യത്തിലായിരുന്നു സൊത്തുപ്പാക്കം വന്തവാസിശാലൈയിലുള്ള ആമ്പൂർ ബിരിയാണി കട ‘എക്സ്‌ചേഞ്ച് ഓഫർ’ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് മാത്രമായിരുന്നു ഓഫറുണ്ടായിരുന്നത്. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെയായിരുന്നു ഓഫർ കച്ചവടം നടന്നത്.

biryani
തക്കാളി ഓഫർ പ്രഖ്യാപിച്ച് ഹോട്ടലിന് മുന്നിൽ പതിച്ച പോസ്റ്റർ

കടയ്ക്ക് മുമ്പിൽ രാവിലെ മുതൽ ആളുകൾ കൂടിയിരുന്നു. തുടർന്ന് വരി നിർത്തിയാണ് വിൽപ്പന നടത്തിയത്. ബിരിയാണി പാഴ്‌സലായി നൽകുകയായിരുന്നു. രണ്ട് ബിരിയാണി വാങ്ങി തക്കാളിയുമായി പോയവരാണ് കൂടുതൽ. തക്കാളി നൽകി ബിരിയാണി വാങ്ങിയവർ കുറവായിരുന്നു.

വില നിയന്ത്രിയ്ക്കാൻ സർക്കാർ നടപടിയുണ്ടാകാത്തതിലുള്ള പ്രതിഷേധമായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് ജ്ഞാനവേൽ പറഞ്ഞു.

Content Highlights: tomato price hike, tomato price hike offers, chicken biryani, tomato price in kerala