തവനൂർ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ വ്യത്യസ്തമായൊരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുകയാണ് തൃക്കണാപുരം എസ്.എസ്.യു.പി. സ്‌കൂൾ. കുട്ടികൾക്ക് ആവശ്യമായ അധികവിഭവങ്ങൾ രക്ഷിതാക്കൾക്കോ നാട്ടുകാർക്കോ നൽകാം. സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണപദ്ധതി നേരിടുന്ന പ്രതിസന്ധി മറികടക്കാനായി 'മെച്ചത്തിൽ ഉച്ചയൂണ്' എന്ന പദ്ധതിയാണ് സ്‌കൂളിൽ നടപ്പാക്കുന്നത്.

അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലായി 362 കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലായതും പച്ചക്കറികളുടെ വിലക്കയറ്റവും സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണപദ്ധതിയെ ബാധിച്ചിട്ടുണ്ട്. എന്നാൽ, കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കേണ്ട സാഹചര്യമായതിനാലാണ് ഉച്ചഭക്ഷണവിതരണം പരിഷ്‌കരിച്ച് നടപ്പാക്കാൻ സ്‌കൂൾ അധികൃതരും പി.ടി.എ.യും തീരുമാനിച്ചത്.

ഉച്ചഭക്ഷണ പദ്ധതിപ്രകാരം നൽകുന്ന വിഭവങ്ങൾക്കൊപ്പം ജനകീയ പങ്കാളിത്തത്തോടെ അധികവിഭവങ്ങൾകൂടി ഉൾപ്പെടുത്തി വിഭവസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.

സ്‌കൂളിൽനിന്ന് പതിവായി നൽകുന്ന ചോറും കറിയും ഉപ്പേരിയും കൂടാതെയുള്ള അധികവിഭവങ്ങളാണ് രക്ഷിതാക്കളുടെയും മറ്റും പങ്കാളിത്തത്തോടെ കണ്ടെത്തുന്നത്. ഓരോ ആഴ്‌ചയും ഓരോ ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ഗൂഗിൾ മീറ്റ് വഴി ചേരുകയും ആ ആഴ്‌ചയിലെ അധികവിഭവങ്ങളെന്തെല്ലാമാണെന്നു തീരുമാനിക്കുകയും ചെയ്യും. വിളമ്പേണ്ട വിഭവങ്ങൾ താത്പര്യമുള്ള രക്ഷിതാക്കൾക്ക് അവരുടെ വകയായി നൽകുകയും ചെയ്യാം. അച്ചാർ ഒഴികെയുള്ള വിഭവങ്ങളാണ് നൽകേണ്ടത്.

ബിരിയാണിയോ നെയ്‌ച്ചോറോ നൽകണമെന്നുണ്ടെങ്കിൽ അതും ആവാം. സ്‌കൂളിലെ അടുക്കളയിലുണ്ടാക്കുന്ന വിഭവങ്ങൾ മാത്രമേ നൽകുകയുള്ളൂ. ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകുകയോ പണം നൽകുകയോ ചെയ്ത് പങ്കാളികളാവാം. രക്ഷിതാക്കൾക്കുപുറമേ നാട്ടുകാർ, സന്നദ്ധസംഘടനകൾ, പൂർവവിദ്യാർഥികൾ, പ്രവാസികൾ തുടങ്ങിയവരുടെ സഹകരണവും പദ്ധതിയിൽ ഉറപ്പാക്കിയിട്ടുണ്ട്.

'കുട്ടികളിൽ പ്രതിരോധശേഷി വളർത്തിയെടുത്ത് കോവിഡിനെ അതിജീവിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അച്ചാർ, ബേക്കറി പലഹാരങ്ങൾ, ഐസ്‌ക്രീം, ഫാസ്റ്റ് ഫുഡ്, മിഠായികൾ എന്നിവ ഈ കാലയളവിൽ ഉപയോഗിക്കരുതെന്ന സന്ദേശവും കുട്ടികൾക്ക് നൽകുന്നുണ്ട്' -എസ്.എസ്. ദിനേഷ്‌, പ്രഥമാധ്യാപകൻ, എസ്.എസ്.യു.പി. സ്‌കൂൾ തൃക്കണാപുരം)

Content highlights: to increase immunity power in students school at malappuram started nutrious food