തോപ്പുംപടി: ലോക മത്സ്യത്തൊഴിലാളി ദിനത്തില്‍ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന കടലവകാശ സമരം വിജയിപ്പിക്കുന്നതിനായി തോപ്പുംപടി ഹാര്‍ബറിലെ തൊഴിലാളികള്‍ മീന്‍ സംഭാവനയായി നല്‍കി.

'സമരത്തെ പിന്തുണയ്ക്കാന്‍ ഒരു മീന്‍ സംഭാവന' എന്ന പരിപാടിയുടെ ഭാഗമായാണ് ഹാര്‍ബറിലെ തൊഴിലാളികളും ബയിങ് ഏജന്റുമാരും മീന്‍ സംഭാവനയായി നല്‍കിയത്. കൊച്ചിന്‍ ഫിഷിങ് ഹാര്‍ബര്‍ ലോങ് ലൈന്‍ ഗില്‍നെറ്റ് ബോട്ട് ബയിങ് ഏജന്റ്‌സ് അസോസിയേഷനും മീനുകള്‍ സംഭാവനയായി നല്‍കി.
 
സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനാണ് സമരം സംഘടിപ്പിക്കുന്നത്. ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് വി.ഡി. മജീന്ദ്രന്‍, ജില്ലാ സെക്രട്ടറി എന്‍.ജെ. ആന്റണി എന്നിവര്‍ മീനുകള്‍ ഏറ്റുവാങ്ങി. പി. മജീദ്, പി.എച്ച്. നാസര്‍, സി.ബി. റഷീദ്, പി.എ. നൗഷാദ്, ടി.എം. ഹാരീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.