തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ആറ് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം. ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഉള്ളൂര്‍ ആദിത്യ റെസ്റ്റോറന്റ് കിച്ചണ്‍, കഴക്കൂട്ടം വെജ്കഫേ, കഴക്കൂട്ടം അന്നപൂര്‍ണ ഹോട്ടല്‍, കഴക്കൂട്ടം ശ്യാമള ബേക്കറി ആന്‍ഡ് ഫാസ്റ്റ് ഫുഡിന്റെ ബോര്‍മ, കുറവന്‍കോണം വിനായക ടീ സ്റ്റാള്‍, തമ്പാനൂര്‍ ഹോട്ടല്‍, വൃന്ദാവന്റെ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അരുണ്‍ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെപ്പിച്ചത്.

കൂടാതെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 29 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, കവടിയാര്‍, കുറവന്‍കോണം, തമ്പാനൂര്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടന്നത്. നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സ്‌ക്വാഡ് പിടിച്ചെടുത്ത പോലെ പഴക്കംചെന്ന ഭക്ഷണസാധനങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പും കണ്ടെത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.

പരിശോധനയില്‍ കണ്ടെത്തിയത്

* ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലവും ചുറ്റുപാടും വൃത്തിഹീനം

* പഴക്കംചെന്ന ഭക്ഷണസാധനങ്ങള്‍ ഫ്രീസറുകളില്‍ സൂക്ഷിച്ചിരിക്കുന്നു

* ലഘുഭക്ഷണങ്ങള്‍ തുറന്ന നിലയില്‍ കടലാസുകളില്‍ നിരത്തിയിട്ടിരിക്കുന്നു

* സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, രജിസ്ട്രേഷനുകള്‍ ഇല്ല

* ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല

* കാലാവധി കഴിഞ്ഞ പാല്‍ ഷാര്‍ജാ ഷേയ്ക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു

* കവര്‍ പാല്‍ പെട്ടെന്ന് ഉരുകാനായി ചൂടുവെള്ളത്തില്‍ ഇടുന്നു

പരിശോധന നടത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന് ഭീഷണി

കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെ ഒരു പ്രതിപക്ഷ കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം. പാളയത്തെ പ്രമുഖ ഹോട്ടലില്‍ പരിശോധന നടത്തിയതിനാണ് കൗണ്‍സിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സ്ഥാപനത്തെ മനഃപൂര്‍വം താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാല്‍ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. എന്നാല്‍ മൂന്ന് ദിവസത്തിനുശേഷം തിങ്കളാഴ്ചയാണ് ഭീഷണിപ്പെടുത്തികൊണ്ടുള്ള ഫോണ്‍ ഉദ്യോഗസ്ഥന് ലഭിക്കുന്നത്. പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ മറ്റുള്ളവര്‍ക്ക് ഭീഷണി ഉണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Content Highlights: health department notice against hotels in thiruvanthapuram