റ്റാലിയന്‍ പാചകകലയുടെ തലതൊട്ടപ്പന്‍ എന്നറിയപ്പെടുന്ന സെലിബ്രിറ്റി ഷെഫ് അന്റോണിയൊ കര്‍ലൂഷോ (80) അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. 

ഭക്ഷണസംബന്ധമായ 'അത്യാഗ്രഹികളായ രണ്ട് ഇറ്റലിക്കാര്‍' (റ്റൂ ഗ്രീഡി ഇറ്റാലിയന്‍സ്) എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയും 'കര്‍ലൂഷോ' എന്ന പേരിലുള്ള ഭക്ഷണശാലാ ശൃംഖലയിലൂടെയും ലോകത്തെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയങ്കരനായിരുന്നു അന്റോണിയൊ.

Antonio Carluccio
Image Credit: Antonio Carluccio/ Twitter

ഇറ്റാലിയന്‍ പാചകവിദഗ്ധനായ ജനാറോ കോന്‍ടാല്‍ഡോയുമായി ചേര്‍ന്ന് അന്റോണിയൊ നടത്തിയിരുന്ന പാചകപരിപാടിക്ക് വന്‍ജനപ്രീതിയായിരുന്നു. മറ്റൊരു സെലിബ്രിറ്റി ഷെഫ് ആയ ജെയ്മി ഒലിവറിന്റെ ബോസും അന്റോണിയൊ ആയിരുന്നു. 

ഇറ്റലിയിലെ സലേനോയില്‍ 1937 ഏപ്രില്‍ 19- നായിരുന്നു അന്റോണിയോയുടെ ജനനം. 1975-ല്‍ വീഞ്ഞ് കച്ചവടക്കാരനായി ലണ്ടനിലേക്ക് കുടിയേറി. 1981 ആകുമ്പോഴേക്കും കവന്റ് ഗാര്‍ഡനിലെ നീല്‍ സ്ട്രീറ്റ് റസ്‌റ്റോറന്റിന്റെ മാനേജരായി മാറി അന്റോണിയൊ. 

1989- ല്‍ അതേ റസ്‌റ്റോറന്റ് അന്റോണിയൊ സ്വന്തമാക്കി. ഇവിടെയായിരുന്നു ജയ്മി ഒലിവര്‍ ജോലി ചെയ്തിരുന്നത്. 1991-ലാണ് അന്റോണിയോ തന്റെ പേരിലുള്ള ആദ്യത്തെ റസ്റ്റോറന്റ് ആരംഭിക്കുന്നത്. ഇപ്പോള്‍ യു.കെ.യില്‍ മാത്രമായി 80 റസ്‌റ്റോറന്റുകളാണ് അന്റോണിയോക്ക് സ്വന്തമായി ഉള്ളത്. 

Antonio Carluccio
Image Credit: Antonio Carluccio/ Twitter

പാചകസംബന്ധമായ ഒരു ഡസനോളം ബുക്കുകളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. വന്‍പ്രചാരമായിരുന്നു ഈ ബുക്കുകള്‍ക്കൊക്കെ ലഭിച്ചിരുന്നത്. 2012-ല്‍ തന്റെ ഓര്‍മകളുടെ ഒരു സമാഹരണവും അദ്ദേഹം പുറത്തിറക്കിയിരുന്നു. 

ബിട്ടീഷ്, ഇറ്റാലിയന്‍ സര്‍ക്കാരുകളില്‍ നിന്നും നിരവധി ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ബി.ബി.സി.യുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2007-ല്‍ ക്വീന്‍ എലിസബത്തിന്റെ കൈകളില്‍ നിന്നും ഓ.ബി.ഇ. അവര്‍ഡ് ലഭിച്ചിരുന്നു അന്റോണിയോയ്ക്ക്. 

ഇതുകൂടാതെ 1998-ല്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റില്‍ നിന്നും കമന്റേറ്റര്‍ പദവിയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2012-ല്‍ എ.എ. ഹോസ്പിറ്റാലിറ്റി ലൈഫ്‌ ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ലഭിച്ചു അന്റോണിയോക്ക്. 

Content Highlights: Antonio Carluccio, The Godfather of Italian cooking, Italian cooking, Antonio Carluccio books, Antonio Carluccio cooking, Carluccio restaurants, Antonio Carluccio food, food, tasty