പത്തനംതിട്ട തെള്ളിയൂരിലെ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഇറച്ചിയുടേയും മീനിന്റെയും രുചിയോടെ കറിയുണ്ടാക്കാവുന്ന തരത്തിൽ സംസ്കരിച്ചെടുത്ത ഇടിച്ചക്ക
പുല്ലാട്: കോഴി കിട്ടാനില്ലെങ്കിലും വറുത്തരച്ച ‘കോഴിക്കറി’ കൂട്ടാം. നാട്ടിൽ ചക്കയുണ്ടായാൽ മതി. കുടംപുളിയിട്ടുവെച്ച നല്ല ‘മീൻകറി’യും മീനില്ലെങ്കിലും ഉണ്ടാക്കാം. അതിനുള്ള വഴിയാണ് തെള്ളിയൂരിലെ കൃഷി വിജ്ഞാനകേന്ദ്രം വികസിപ്പിച്ചത്. ഡ്യൂപ്ലിക്കേറ്റ് ഇറച്ചിയെന്നോ ഡമ്മി ഇറച്ചിയെന്നോ ഒക്കെ വിളിക്കാമെങ്കിലും സാധനം സൂപ്പറാണെന്ന് രുചിച്ചവർ പറയുന്നു. വേണ്ടത് അധികം വിളയാത്ത ഇളംചക്ക(ഇടിച്ചക്ക).
ഇടിച്ചക്കയുടെ മടലോ കൂഞ്ഞോ പ്രത്യേകരീതിയിൽ സംസ്കരിച്ചെടുത്താണ് ഡമ്മി ഇറച്ചിയും മീനും ഉണ്ടാക്കിയത്. സംസ്‌കരിച്ച ഇളംചക്ക കൊണ്ട് ‘മീൻകറി’യും ‘കോഴിക്കറി’യും മാത്രമല്ല, സമോസ, ബർഗറുകൾ, പിസ്സ തുടങ്ങിയവയും ഉണ്ടാക്കാമെന്ന് ഇവിടത്തെ ഗവേഷകർ തെളിയിച്ചു. ഉത്‌പന്നത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇളംചക്ക നിരവധി ആരോഗ്യ ഗുണങ്ങളുള്ള പോഷകസമൃദ്ധമായ ഭക്ഷണ സ്രോതസ്സ് കൂടിയാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തും. ശരീരത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ് ഇളംചക്ക.
ഇളം ചക്കയ്ക്ക് നീർവീക്കത്തെ ചെറുക്കാനുള്ള ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് സന്ധിവാതം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർക്ക് ഗുണകരമാണ്.
കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സംസ്കരിച്ച ഇടിച്ചക്ക, ഭക്ഷ്യ വ്യവസായത്തിൽ വലിയസ്വാധീനം ചെലുത്താൻ ഒരുങ്ങുകയാണ്. താത്പര്യമുള്ളവർക്ക് സംസ്കരിക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറാൻ ഒരുക്കമാണ്. കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ.സി.പി.റോബർട്ട്, ഡോ.റിൻസി കെ.എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.
Content Highlights: tender jackfruit recipes, mock meat recipes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..