Teaആലപ്പുഴ: കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍നിന്ന് ചായ പുറത്ത്. ചായ കോണ്‍ഫറന്‍സ് ഹാളിന് പുറത്തുവച്ച് നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.
 
ചായ അകത്ത് പാടില്ലെന്ന് കാട്ടിക്കൊണ്ടുള്ള അപൂര്‍വ നോട്ടീസും കളക്ടറേറ്റില്‍ പതിച്ചിട്ടുണ്ട്. യോഗങ്ങള്‍ക്കൊപ്പം ചായയും കടിയും കൂടി അകത്താക്കിക്കൊണ്ടിരുന്നവരുടെ അസ്വസ്ഥതകള്‍ ഇപ്പോള്‍ പുറത്തായിട്ടുണ്ട്.
 
കളക്ടറേറ്റിലെ പ്രധാന യോഗങ്ങളെല്ലാം നടക്കുന്നത് കോണ്‍ഫറന്‍സ് ഹാളിലാണ്. വര്‍ഷങ്ങളായി യോഗം നടക്കുമ്പോള്‍ ചായയും നല്‍കാറുണ്ട്.

കഴിഞ്ഞ ദിവസമാണ് പുതിയ തീരുമാനം ഉണ്ടായത്. ചായ ഹാളിനകത്ത് പാടില്ലെന്നേയുള്ളൂ. പുറത്ത് നല്‍കും. യോഗങ്ങള്‍ നടക്കുന്നതിന് മുന്നോടിയായി പങ്കെടുക്കാന്‍ എത്തുന്നവര്‍ ചായകുടിച്ച് യോഗഹാളിലേക്ക് പ്രവേശിക്കണം.

ഇങ്ങനെ പുറത്ത് നല്‍കുന്നതിനാല്‍ കഴിഞ്ഞദിവസം നടന്ന യോഗങ്ങളില്‍ ചായയ്ക്ക് ആവശ്യക്കാര്‍ കുറവായിരുന്നു. ചായ അകത്ത് ലഭിക്കാത്തതില്‍ യോഗത്തിനെത്തുന്ന ചിലര്‍ക്ക് പ്രതിഷേധവുമുണ്ട്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ വൃത്തികേടാകുന്നതിനാലാണ് ചായ പുറത്ത് നല്‍കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ചായയും കടിയും അകത്ത് നല്‍കുന്നതുമൂലം ഹാളിനകം വൃത്തികേടാകുന്നുണ്ട്.
 
ഇത് ദുര്‍ഗന്ധത്തിനും കാരണമാകുന്നു. ഇതിന് പരിഹാരമായാണ് ചായ പുറത്തുവച്ച് നല്‍കുന്നത്.