ഉയര്‍ത്തിക്കെട്ടിയ വേദിയില്ല, കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളോ കണ്ണുചിമ്മുന്ന പ്രകാശ സംവിധാനങ്ങളോ ഇല്ല... ഒരു ഗ്രാമത്തിലെ ചായക്കടയും അവിടെ വന്നുപോകുന്ന കുറെ മനുഷ്യരും. അവരിലൂടെ പറയുന്ന മനുഷ്യന്റെ കഥയും.

കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയില്‍ അവതരിപ്പിക്കുന്ന 'ചായക്കട നാടകം' നാടകപ്രേമികള്‍ക്ക് നല്‍കുന്നത് വേറിട്ട കാഴ്ചാനുഭവമാണ്. ഇടക്കുളങ്ങര മലയാളം ഗ്രന്ഥശാലയും ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന നാടകോത്സവത്തിലാണ് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ചായക്കട നാടകങ്ങള്‍ അവതരിപ്പിക്കുന്നത്.

രണ്ടുദിവസമായി നടന്നുവരുന്ന നാടകോത്സവം ഞായറാഴ്ച സമാപിക്കും. ആദ്യത്തെ റിയലിസ്റ്റിക് കാര്‍ട്ടൂണ്‍ നാടക പരമ്പരയാണ് ചായക്കട നാടകങ്ങള്‍. മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഒരുക്കിയ സൂര്യ കൃഷ്ണമൂര്‍ത്തിയാണ് ചായക്കട നാടകങ്ങളും അണിയിച്ചൊരുക്കിയത്.
 
ചാമുണ്ഡിപുരമെന്ന ഗ്രാമത്തിലെ ചാമുണ്ഡിവിലാസം ചായക്കടയാണ് നാടകത്തിന്റെ പശ്ചാത്തലം. ആ ഗ്രാമത്തിലെ നിഷ്‌കളങ്കതയുടെ പ്രതീകമാണ് ചായക്കട.
 
ചായക്കടക്കാരന്‍ നാണു നായരും സഹായി രാവുണ്ണി നായരും പിന്നെ ഓരോ നാടകങ്ങളിലായി വന്നുപോകുന്ന കുറേ കഥാപാത്രങ്ങളും. ചായക്കടക്കാരനും സഹായിയും ഒഴികെയുള്ള മിക്ക കഥാപാത്രങ്ങളും ഓരോ നാടകത്തിലും മാറുന്നു.
 
വെളിച്ചപ്പാടും പഞ്ചായത്ത് പ്രസിഡന്റും പോലീസും തയ്യല്‍ക്കാരനും മേസ്തിരിയും തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങള്‍ ചായക്കടയില്‍ വന്നുപോകുന്നു. അവരിലൂടെയാണ് ഓരോ നാടകവും കഥപറയുന്നത്.

തുറസ്സായ സ്ഥലത്താണ് ചായക്കട ഒരുക്കിയിരിക്കുന്നത്. ചായക്കടയ്ക്കുമുന്നില്‍ കാണികള്‍ നാടകം കാണുന്നു. വേദിയും സദസ്സും തമ്മില്‍ വ്യത്യാസമില്ല. ഗ്രാമത്തിന്റെ വിശുദ്ധിയും നിഷ്‌കളങ്കതയുമെല്ലാം ഓരോ നാടകത്തിലും കാണാം.
 
കടയുടെ മുന്നിലെ ബോര്‍ഡില്‍ പതിച്ചിരിക്കുന്ന പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമാ പോസ്റ്റര്‍ നാടകത്തിന്റെ കഥാപശ്ചാത്തലം വ്യക്തമാക്കുന്നു. ഭീമന്‍ രാവുണ്ണി, തീറ്റ റപ്പായി, അനാമിക, മുന്‍ഷി വീരരാഘവന്‍ തുടങ്ങിയ നാടകങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി അവതരിപ്പിച്ചത്.
 
ഞായറാഴ്ച രാത്രി ഏഴുമുതല്‍ അമ്മ തങ്കമ്മ, തുരപ്പന്‍ ഗോണ്‍സാല്‍വ എന്നീ നാടകങ്ങളും അവതരിപ്പിക്കും. ചായക്കട നാടകങ്ങള്‍ കാണാന്‍ നിരവധിപേരാണ് ഓരോ ദിവസവും എത്തുന്നത്. പതിനൊന്ന് കലാകാരന്മാരാണ് വിവിധ നാടകങ്ങളിലായി അരങ്ങിലെത്തുന്നത്.