വ്യത്യസ്ത രുചികളുടെ സംഗമമാണ് മാതൃഭൂമി ഫെസ്റ്റിവല്‍. സദ്യയുടെയും വറുത്തരച്ച ചിക്കന്റെയും നാട്ടില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തനതായ രുചികള്‍ എത്തുന്നു. കൊച്ചി കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മാതൃഭൂമി ഫെസ്റ്റിവലില്‍ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍നിന്നുള്ള തനത് ഭക്ഷ്യവിഭവങ്ങളാണ് ഒരുക്കുന്നത്.

കുടുംബശ്രീ കഫേയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഭക്ഷ്യമേളയില്‍ ഇന്ത്യയുടെ രുചി വൈവിധ്യങ്ങളുടെ ചേരുവകളുമായാണ് അവര്‍ എത്തിയത്. ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, ഗോവ, ത്രിപുര, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, സിക്കിം, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, അസം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും കേരളത്തില്‍നിന്ന് ട്രാന്‍സ്ജെന്‍ഡേഴ്‌സും അട്ടപ്പാടിയില്‍നിന്നുള്ളവരും തങ്ങളുടെ ഭക്ഷണങ്ങളുമായി മേളയിലെത്തുന്നു. 

ഇരുപതിനായിരം ചതുരശ്ര അടിയിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഇരുനൂറ്റി അമ്പതോളം പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ഭക്ഷണശാല. രുചിമേളയില്‍ തനത് വിഭവങ്ങള്‍ പാകം ചെയ്യുന്നതിനായി സ്വന്തം നാട്ടില്‍നിന്നാണ് ഇവര്‍ രുചിക്കൂട്ടുകള്‍ കൊണ്ടുവന്നിട്ടുള്ളത്. തനതായ മസാലക്കൂട്ടുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. മേളയില്‍ പങ്കെടുക്കുന്നതിനായി മാസങ്ങള്‍ക്കു മുമ്പേ തന്നെ സ്ത്രീകള്‍ മസാലക്കൂട്ടുകള്‍ ഉണ്ടാക്കുന്നതിനായുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നു. മായമേതുമില്ലാതെ ഗ്രാമങ്ങളില്‍ നിന്നുതന്നെ കൊണ്ടുവരുന്നവയാണിവ.

നൂറ്റമ്പതോളം പാചക വിദഗ്ദ്ധരാണ് ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്നത്. ഭക്ഷണശാലയില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കുമായുള്ള വ്യത്യസ്ത സ്റ്റാളുകള്‍. തനത് രീതിയില്‍ സ്റ്റാളുകള്‍ അലങ്കരിക്കും. ഇതോടൊപ്പം ഭക്ഷണങ്ങളുടെ പട്ടികയും വിലയും പ്രദര്‍ശിപ്പിക്കും. ഭക്ഷണശാലയില്‍ എത്തുന്നവരുടെ കണ്ണും മനസ്സും ഒരുപോലെ തൃപ്തിപ്പെടണമെന്ന വാശിയിലാണ് സ്ത്രീകള്‍ ഓരോ സ്റ്റാളും അലങ്കരിച്ചിരിക്കുന്നത്. ഇതേ ഭംഗികള്‍ ഭക്ഷണം അവതരിപ്പിക്കുന്ന പ്ലേറ്റിലും കാണാന്‍ സാധിക്കും. 

എരിവിനെയും മധുരത്തിനെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ചേര്‍ന്ന സ്റ്റാളാണ് രജപുത് രാജ്യമായ രാജസ്ഥാനിന്റേത്. അവരുടെ രാബ്ബ്, ദാല്‍-ബാത്തി-ചര്‍മ്മ, ദാല്‍ ധോക്ക്ലി തുടങ്ങിയ വിഭവങ്ങള്‍ ഏവരേയും തൃപ്തിപ്പെടുത്തുന്നതാണ്. വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട സംസ്ഥാനമാണ് ബിഹാര്‍. ഉരുളക്കിഴങ്ങും തേങ്ങയും ഡ്രൈ ഫ്രൂട്ട്സുമെല്ലാം ഇവരുടെ പ്രധാന ചേരുവകളാണ്.

ജാര്‍ഖണ്ഡിലെയും അസമിലെയും നോണ്‍-വെജ് വിഭവങ്ങളും സ്‌പൈസി ചിക്കനുമെല്ലാം മലയാളികള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തീര്‍ച്ചയാണ്. ത്രിപുരയിലെ ഗുഡോക്ക്, വഹാന്‍ മോസ്ഡംഗ്, ഉത്തര്‍പ്രദേശിലെ  കാശ്താ കച്ചോരി, കര്‍ണാടകയിലെ അക്കി റൊട്ടി, ചിക്കന്‍ ജുഗ്ഗു ഇവയെല്ലാം നാവില്‍ വെള്ളമൂറിക്കുന്ന രുചിക്കൂട്ടുകളാണ്. വ്യത്യസ്തത നിറഞ്ഞ പാവ് ബജികളും മിസല്‍ പാവും ഗോല്‍ഗപ്പയുമെല്ലാം മഹാരാഷ്ട്ര വിളമ്പുമ്പോള്‍ മീന്‍ വിഭവങ്ങളാണ് ഗോവയും ലക്ഷദ്വീപും മലയാളികള്‍ക്കായി ഒരുക്കുന്നത്.

Content Higlight: mathrubhumi festival mathrubhumi food festival indian food indian food variety