ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മാറഡോണയ്ക്ക് വ്യത്യസ്തമായ രീതിയിൽ ആദരമർപ്പിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ഒരു ബേക്കറി. അദ്ദേഹത്തിന്റെ രൂപത്തിൽ ഭീമൻ കേക്ക് നിർമിച്ചാണ് ബേക്കറി വാർത്തയിൽ ഇടംപിടിച്ചത്. 

മാറഡോണയുടെ രൂപം പകർത്തിയ ആറടി ഉയരമുള്ള കേക്ക് ആണ് ബേക്കറിക്ക് മുന്നിൽ സ്ഥാപിച്ചത്. നാലുദിവസത്തോളമെടുത്താണ് കേക്കിന്റെ പണി പൂർത്തിയാക്കിയത്. അറുപതു കിലോ​ഗ്രാം പഞ്ചസാരയും 270 മുട്ടകളുമാണ് ഈ സ്പെഷ്യൽ കേക്ക് തയ്യാറാക്കാൻ ചെലവായത്.

എല്ലാ വർഷവും ക്രിസ്മസ്, ന്യൂ ഇയർ കാലത്ത് വ്യത്യസ്തമായ കേക്കുകൾ ബേക്കറി നിർമിക്കാറുണ്ട്. ഇളയരാജ, അബ്ദുൾ കലാം, ഭാരതിയാർ തുടങ്ങിയവരുടെയെല്ലാം രൂപങ്ങളിലുള്ള കേക്കുകൾ നേരത്തേ നിർമിച്ചിരുന്നു. 

കായികലോകത്തെ ഇതിഹാസം മാറഡോണ വിടപറഞ്ഞ ഈ വർഷം അദ്ദേഹത്തിന്റെ രൂപം തന്നെ ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു ഇവർ.  എന്നാല്‍ കേക്കിന് മാറഡോണയുടെ രൂപസാദൃശ്യമില്ലെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നുമുണ്ട്.

Content Highlights: Tamil Nadu bakery pays tribute to Maradona by making 6-feet tall cake of his statue