പേര് മാറ്റുന്നതു നിര്‍ത്തൂ എന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് തായ്‌വാനിലെ ഉദ്യോഗസ്ഥര്‍. കാര്യം അത്ര നിസ്സാരമല്ല. ഡസന്‍ കണക്കിന് ആളുകളാണ് ഒരു സൂഷി റസ്‌റ്റൊറന്റിന്റെ പരസ്യം ഏറ്റെടുത്ത് പേരുമാറ്റാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. 

ജപ്പാനിലെ പ്രമുഖ റസ്റ്റൊറന്റുകളിലൊന്നായ അകിന്‍ഡോ സുഷിരോ നല്‍കിയ ഒരു വാഗ്ദാനമാണ്  കുഴപ്പത്തിന് കാരണം. സാല്‍മണ്‍ അല്ലെങ്കില്‍ ഗുയി യു എന്ന പേരുള്ള എല്ലാവര്‍ക്കും സൗജന്യമായി മീനും ചോറും ചേർന്ന സുഷി ഭക്ഷണം നല്‍കുമെന്നായിരുന്നു റസ്റ്റൊറന്റ് നല്‍കിയ പരസ്യം. അതോടെ ആളുകള്‍ പേരുമാറ്റാനായി ഓഫീസുകളിലേക്ക് കൂട്ടത്തോടെ എത്തുകയായിരുന്നു.

പേര് മാറ്റാനുള്ള അപേക്ഷകള്‍ അയക്കുന്നത് നിര്‍ത്തണമെന്നും അത് സര്‍ക്കാരിന്റെ സമയം നശിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ ജനങ്ങളെ അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡസന്‍ കണക്കിന് ആളുകളാണ് മൂന്ന് ഡോളര്‍ നല്‍കി പേര് മാറ്റി പുതിയ ഐഡി കാര്‍ഡും രജിസ്‌ട്രേഷനും നേടാനായി ഓഫീസുകളിലേക്ക് എത്തിയത്. 

ഇങ്ങനെ ആളുകള്‍ എത്തുന്നത് ആവശ്യമില്ലാത്ത തിരക്കുകളിലേക്ക് സര്‍ക്കാരിനെ നയിക്കുമെന്ന് ആഭ്യന്തര സഹമന്ത്രി ചെന്‍ സുങ് യാന്‍ ബി.ബി.സിയോടെ പറഞ്ഞു.

പേരുമാറ്റുന്നവരില്‍ പലരും ഈ ഡീല്‍ കഴിയുമ്പോള്‍ തിരിച്ച് പഴയ പേരിലേക്ക് മടങ്ങിപ്പോകാനാണ് പ്ലാനിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 460 ഡോളര്‍ അഥവാ 30,000 രൂപയിലധികം വിലവരുന്ന വിലയേറിയ ഭക്ഷണം കഴിക്കാനാണ് ആളുകളുടെ ഈ കഷ്ടപ്പാടുകള്‍. തായ്‌വാനിലെ നിയമമനുസരിച്ച് ഒരാള്‍ക്ക് മൂന്ന് തവണയാണ് തങ്ങളുടെ പേര് മാറ്റാനാവുക.

Content Highlights: taiwan people change name to ‘salmon’ after sushi restaurant deal